ലക്നോ: ക്രിക്കറ്റ് കളിക്കുന്നതിനിടെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ സംഭവത്തിൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. 15 അടി താഴ്ചയുള്ള കുഴിയിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചിലിലാണ് വെള്ളക്കെട്ടിൽ വീണതായി കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ സ്ഥലത്ത് യാതൊരുവിധ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.