കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലങ്കിൽ സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ തീരുമാനമെടുക്കാത്തതിനാൽ നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരിക്കെതിരേ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
2025 സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച വിധിയിൽ, പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം പരിഗണിച്ച് ആവശ്യമായ ഉത്തരവ് "എത്രയും വേഗത്തിൽ' പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നോർക്ക റൂട്ട്സിനോട് നിർദ്ദേശിച്ചിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 21ന് നോർക്ക റൂട്ട്സ് സിഇഒയുടെ അധ്യക്ഷതയിൽ ഹീയറിംഗും നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പിഎൽസി പ്രതിനിധികൾ വിശദമായ നിർദേശങ്ങൾ സമർപ്പിക്കുകയും ഇൻഷുറൻസ് കമ്പനിക്ക് ആക്ച്വറിയൽ ആശങ്കകൾ ഉണ്ടെങ്കിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രത്യേകം ഒരു റിസ്ക് പൂൾ രൂപീകരിക്കാമെന്ന നിർദേശം സിഇഒ തത്വത്തിൽ അംഗീകരിക്കുകയും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹീയറിംഗ് കഴിഞ്ഞ് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഇതുവരെയും യാതൊരു അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിന്റെ ഫലമായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികൾ ഇപ്പോഴും നോർക്ക കെയർ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്ന് പുറത്ത് നിൽക്കേണ്ട സാഹചര്യം തുടരുകയാണ്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ കഴിയുന്നവരാണ് ഇവരിൽ പലരും.
കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഉൾപ്പെടെ നിരവധി പേർക്ക് നിവേദനങ്ങൾ കൊടുത്തിട്ടും കൂടിക്കാഴ്ചകൾ നടത്തിയിട്ടും ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.
നോർക്ക കെയർ പദ്ധതി അംഗങ്ങൾ അടക്കുന്ന പ്രീമിയം മുഖേന പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയായതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. അതിനാൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തുന്നതിൽ ഭരണപരമായോ സാമ്പത്തികമായോ തടസമുണ്ടാകേണ്ട കാര്യമില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികളുമായി നോർക്ക റൂട്സ് ധാരണ ഉണ്ടാക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നത്.
ഈ വിഷയത്തിൽ ഇനി വൈകാതെ ആവശ്യമായ തീരുമാനം കൈക്കൊള്ളപ്പെടുകയുംമടങ്ങിയെത്തിയ പ്രവാസികൾക്കും നോർക്ക കെയർ പദ്ധതിയുടെ സംരക്ഷണം ലഭ്യമാകുമെന്ന പ്രതീക്ഷയും പിഎൽസി അറിയിച്ചു.