പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണമായി അഴിമതിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി നടത്തുന്നവരെയും അതിന് കൂട്ടുനിൽക്കുന്നവരെയും വെറുതെ വിടില്ല. ഫോക്കസ് ചെയ്ത് നടപടി സ്വീകരിക്കേണ്ടവർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സിസിടിവി കാമറ പർച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി സംബന്ധിച്ച് കണക്കെടുത്തിട്ടുണ്ടെന്നും നഷ്ടമുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണ്.
ഡയറക്ടർ ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് പലപ്പോഴും നഷ്ടത്തിന് കാരണമാകുന്നത്. നിക്ഷേപകർക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അഴിമതി നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.