6.6 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ വിസർജ്യത്തിൽ കണ്ടെത്തിയ പക്ഷിത്തൂവൽ അക്കാലത്തെ ജീവജാലങ്ങളുടെ വംശനാശത്തെക്കുറിച്ചു പുതിയ സൂചനകൾ നൽകുന്നതായി ഗവേഷകർ. കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ചില പക്ഷികൾ മഹാവംശനാശത്തെ അതിജീവിച്ചപ്പോൾ മറ്റു ചിലത് എങ്ങനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു എന്നതിലേക്കു വെളിച്ച വീശുന്നതായും ഗവേഷകലോകം.
ഡേവിഡ് ഡെമാർ ജൂനിയർ എന്ന പാലിയന്റോളജിസ്റ്റ് വടക്കുകിഴക്കൻ മൊണ്ടാനയിൽനിന്നാണു ദിനോസർ വിസർജ്യാവശിഷ്ടം കണ്ടെത്തിയത്. 2016-ൽ ആയിരുന്നു കണ്ടെത്തൽ. അവശിഷ്ടം മൈക്രോ-സിടി സ്കാനിംഗിനും ത്രീഡി സർഫസ് സ്കാനിംഗിനും വിധേയമാക്കിയപ്പോഴാണ് അതിനുള്ളിൽ കാര്യമായി കേടുപാടുകൾ സംഭവിക്കാത്ത പക്ഷിത്തൂവൽ കണ്ടെത്തിയത്. നാനോടൈറാനസ് അല്ലെങ്കിൽ ടി-റെക്സിന്റേതാകാം (Tyrannosaurus rex) കാഷ്ഠാവശിഷ്ടമെന്നു ശാസ്ത്രജ്ഞർ കരുതുന്നു.
സാധാരണയായി ഫോസിലുകളിൽ തൂവലുകളുടെ അടയാളങ്ങൾ മാത്രമാണു കാണാറുള്ളതെങ്കിൽ, ഇവിടെ തൂവൽ പൂർണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തൂവലുകൾക്കു വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടായിരുന്നു. സ്പോഞ്ച് പോലെയുള്ള ഉള്ളിലെ ഘടനയും കടുപ്പമുള്ള പുറംപാളിയും അടങ്ങിയ അതിന്റെ ഘടന ഇന്നത്തെ പക്ഷികളുടെ തൂവലുകൾക്കു സമാനമാണ്. മെസോസോയിക് യുഗത്തിലെ മറ്റു ഫോസിലുകളിൽ ഇന്നുവരെ ഇത്തരമൊരു ഘടന കണ്ടെത്തിയിട്ടില്ല.
ആഹാരശൃംഖലയുടെ തെളിവ്
സ്കാനിംഗിൽ രണ്ട് അസ്ഥിഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് 'ഹെസ്പെറോർണിത്തിഫോം' വിഭാഗത്തിൽപ്പെട്ട, പറക്കാൻ കഴിയാത്ത ജലപക്ഷിയുടേതാണെന്നു ഗവേഷകർ കരുതുന്നു. കൂടാതെ, 'ഗാർ' വർഗത്തിൽപ്പെട്ട മത്സ്യത്തിന്റെ രണ്ടു ചെതുമ്പലുകളും അതിൽ ഉണ്ടായിരുന്നു. ദിനോസർ ഭക്ഷണമാക്കിയ പക്ഷിയുടെ ഒടുവിലത്തെ ഇരയായിരുന്നു ഈ മീൻ എന്നതിന്റെ തെളിവാണിത്. അതായത് ഒരു മീനിനെ പക്ഷി തിന്നുകയും, ആ പക്ഷിയെ ദിനോസർ തിന്നുകയും ചെയ്തു എന്ന ആഹാരശൃംഖലയാണ് ഈ ഫോസിലിലൂടെ വ്യക്തമാകുന്നത്.
വംശനാശത്തിന്റെ കാരണം
ഛിന്നഗ്രഹം പതിച്ചതിനെത്തുടർന്ന്, ഭൂമിയിൽ പൊടിയും പുകയും നിറഞ്ഞ് സൂര്യപ്രകാശം മറയുകയും മഞ്ഞുകാലം രൂപപ്പെടുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ ശേഷിയുമുള്ള പക്ഷികൾ മാത്രമേ അതിജീവിച്ചുള്ളൂ. തൂവലുകൾ മെസോസോയിക് യുഗത്തിലെ സാധാരണ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്ന കഠിനശൈത്യത്തെ പ്രതിരോധിക്കാൻ പര്യാപ്തമായിരുന്നില്ല. ഇതൊക്കെയാകാം ദിനോസറുകൾക്കൊപ്പം ഈ പക്ഷിവിഭാഗവും വംശനാശം സംഭവിക്കാൻ പ്രധാന കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നത്.