രാജ്യത്തെ കോർപറേറ്റ് ജീവനക്കാരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോർട്ട് വലിയ ആശങ്കയ്ക്കു വഴിതുറന്നിരിക്കുകയാണ്. പ്രമുഖ ഇൻഷുറൻസ് കമ്പനികൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹസാധ്യതയും വിറ്റാമിൻ കുറവും മാനസിക സമ്മർദവും വർധിക്കുന്നതായി വ്യക്തമാക്കുന്നു. സാധാരണയായി പ്രായമായവരിൽ കണ്ടുവരാറുള്ള ആരോഗ്യപ്രശ്നങ്ങളും രോഗസാധ്യതകളും ഇപ്പോൾ മുപ്പതുകളിലെ ചെറുപ്പക്കാരിലും വ്യാപകമായി കണ്ടുവരുന്നുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ്, 30-40 നും ഇടയിൽ പ്രായമുള്ള ജീവനക്കാരിൽ മൂന്നിൽ ഒരാൾക്ക് എന്ന ഉയർന്ന നിലയിലാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ, ഉയർന്ന രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് മുംബൈയിലാണ് (46.8 ശതമാനം). തൊട്ടുപിന്നിൽ പുനെ (43.2 ശതമാനം) നിലകൊള്ളുന്നു. ബംഗളൂരുവിലാണ് അഞ്ച് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് ഏറ്റവും കുറവ് (30.7 ശതമാനം).
ഡയബറ്റിക് പരിധിയിലുള്ള നിരക്ക് പുരുഷന്മാരിൽ 10.3 ശതമാനവും സ്ത്രീകളിൽ 4.3 ശതമാനവുമാണ്. എന്നാൽ രക്തക്കുറവ് (അനീമിയ) സ്ത്രീകളിലാണ് കൂടുതൽ. ഇരുപതുകളിലുള്ളവരിൽ 30.6 ശതമാനം സ്ത്രീകളിലും ഹീമോഗ്ലോബിൻ നിരക്ക് കുറവാണെന്ന് കണ്ടെത്തി (പുരുഷന്മാരിൽ ഇത് 4.0 ശതമാനം മാത്രമാണ്).
വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയുടെ കുറവും ചെറുപ്പക്കാരിൽ വ്യാപകമാണ്. കൂടാതെ, ഉയർന്ന മാനസിക സമ്മർദവും കൃത്യമായ ചികിത്സയോ മുൻകരുതലുകളോ തേടുന്നതിൽ ജീവനക്കാർ വരുത്തുന്ന വീഴ്ചയും റിപ്പോർട്ടിൽ ഗൗരവകരമായി ചൂണ്ടിക്കാണിക്കുന്നു.
രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും ചെറുപ്പക്കാരുടെ ജീവിതരീതിക്കും പ്രായത്തിനും അനുയോജ്യമായ ചികിത്സയും വ്യായാമക്രമങ്ങളും കൃത്യസമയത്ത് നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2026-ലെ 11,427 ഹെൽത്ത് റിപ്പോർട്ടുകൾ, 9,097 സർവേ പ്രതികരണങ്ങൾ, എട്ട് ലക്ഷത്തിലധികം (8,16,003) മറ്റു പരിശോധനകൾ എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.