തമിഴ്നാട് മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിശാൽ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങളാണ് വിശാൽ ചോദ്യം ചെയ്തത്.
എഗ്മൂർ എംഎൽഎ രാജ്മോഹനാണ് ഫിലിം ടെക്നോളജി ആൻഡ് സിനിമാറ്റോഗ്രാഫ് ആക്ട് വകുപ്പ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ സിനിമയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള മുഖ്യമന്ത്രി വിജയ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ എക്സിൽ കുറിച്ചു.
മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് വിശാലിന്റെ വിമർശനം.
തമിഴ് സിനിമാ മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
രാജ്മോഹനെ തരംതാഴ്ത്തി പറയുകയല്ലെന്നും എന്നാൽ സിനിമാ സംഘടനകളുടെയും നിർമാതാക്കളുടെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ഒരാളാണ് ഈ പദവിയിൽ വരേണ്ടതെന്നും വിശാൽ വ്യക്തമാക്കി.
തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ മൂന്ന് ആവശ്യങ്ങളാണ് വിശാൽ മുഖ്യമന്ത്രി വിജയ്യുടെ മുന്നിൽവച്ചത്. ജനങ്ങളുടെ ബാധ്യത കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്നതിനുമായി സർക്കാർ മേൽനോട്ടത്തിൽ സിനിമ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുക.
‘ഒരു രാജ്യം ഒരു നികുതി’ എന്ന നയം നിലവിലുണ്ടായിട്ടും തമിഴ്നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരട്ട നികുതി സമ്പ്രദായം നിർത്തലാക്കുക. കഴിഞ്ഞ ഒൻപത് വർഷമായി പരിഹരിക്കപ്പെടാത്ത ചെറുകിട ബഡ്ജറ്റ് സിനിമകൾക്കുള്ള സബ്സിഡി തുക വർധിപ്പിക്കുക എന്നിവയാണവ.