തിരുവനന്തപുരം: പ്രധാനമന്ത്രിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും എതിരായ വിമർശന വീഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിനെതിരേ കേസെടുത്ത് സൈബർ പോലീസ്.
വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെ ഒന്നാം പ്രതിയും എക്സിനെ രണ്ടാം പ്രതിയുമാക്കിയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്.
പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും വീഡിയോ നീക്കം ചെയ്യാത്തതിനാണ് എക്സിനെതിരേ കേസെടുത്തത്. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചു, രാജ്യത്ത് കലാപമുണ്ടാക്കാൻ നീക്കം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ച സംഭവം വിവാദമായതിനു പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
സർക്കുലറിന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റുകളാണ് പ്രചരിച്ചത്. ഇതിനു പിന്നാലെ അധികൃതർ ഇടപെട്ട് നിരവധി സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഒരു മിനിറ്റ് 57 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോ എക്സ് പ്ലാറ്റ്ഫോം വഴി പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ വിമർശനമാണ് വീഡിയോയുടെ ഉള്ളടക്കം.
സീൽ വിവാദത്തിൽ കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മറുപടിയും വിശദീകരണവും നൽകിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നെന്നും ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം.
വിശദീകരണം വന്നിട്ടും സാങ്കേതിക പിഴവിന്റെ പേരിൽ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരായാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനു പിന്നാലെ സംഭവത്തിൽ പോലീസിനെതിരേയും രൂക്ഷ വിമർശനം ഉയർന്നു.
കേസെടുത്ത നടപടിയിലും പോസ്റ്റിട്ടവർക്ക് നോട്ടീസ് നൽകിയ പോലീസ് നടപടിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഇതിനു പിന്നാലെ കമ്മീഷന്റെ നിർദേശ പ്രകാരമാണ് കേസെടുത്തതെന്ന വിശദീകരണവുമായി പോലീസും രംഗത്തെത്തി.
വിവാദത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും അതേസമയം മെറ്റയ്ക്കും എക്സിനും നോട്ടീസ് നൽകിയിട്ടുണ്ടെന്നും സൈബർ പോലീസ് വ്യക്തമാക്കി.