അഹമ്മദാബാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അത്യാധുനിക രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന നാലംഗ സംഘത്തെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കനുഭായ് പാർമർ, ആശിഷ് വാലണ്ട്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരാണ് പിടിയിലായത്.
ഇരകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജെമിനി എ.ഐ, മെറ്റാ എ.ഐ തുടങ്ങിയ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ സംഘം അതീവ കൃത്യതയുള്ള ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ചു. ബാങ്കിംഗ് വെരിഫിക്കേഷനുകളിൽ ഉപയോഗിക്കുന്ന 'ലൈവ്നെസ് ഡിറ്റക്ഷൻ'സംവിധാനങ്ങളെ കബളിപ്പിക്കാൻ ഈ വീഡിയോകൾ വഴി ഇവർക്ക് സാധിച്ചു.
കോമൺ സർവീസ് സെന്റർ കിറ്റുകൾ ഉപയോഗിച്ച് ഇരകളുടെ ആധാർ പ്രൊഫൈലിലെ മൊബൈൽ നമ്പറുകൾ സംഘം മാറ്റുകയായിരുന്നു. ഡിജിലോക്കർ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഐഡിഎഫ്സി, കോട്ടക് മഹീന്ദ്ര, ജിയോ പേയ്മെന്റ്സ് ബാങ്ക് തുടങ്ങിയവയിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിച്ചു.
ആർ.കെ ബൻസാൽ, ട്രൂ ക്രെഡിറ്റ്സ്, ഏർളി സാലറി തുടങ്ങിയ ലോൺ ആപ്പുകൾ വഴി ഇരകളുടെ പേരിൽ വലിയ തുകകൾ പേഴ്സണൽ ലോണായി എടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആധാർ സുരക്ഷയെക്കുറിച്ച് അഹമ്മദാബാദ് പോലീസ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.