ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പ്രശസ്ത സൂപ്പർഹീറോ കഥാപാത്രമായ 'ബാറ്റ്മാനായി'ചിത്രീകരിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച റീൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
രണ്ടു മാസം മുമ്പ് ഇൻസ്റ്റാഗ്രാം സംവാദത്തിനിടെ താൻ ബാറ്റ്മാനാണോ എന്ന ചോദ്യത്തിന്, "ഞാനും ബാറ്റ്മാനും ഒരുമിച്ച് ഒരു മുറിയിൽ നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ!" എന്ന് രാഹുൽ തമാശയായി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അദ്ദേഹത്തെ സൂപ്പർഹീറോ ആയി വിശേഷിപ്പിച്ച് 13 സെക്കൻഡ് ദൈർഘ്യമുള്ള റീൽ പുറത്തുവിട്ടത്.
പോലീസിന്റെ മഞ്ഞ ബാരിക്കേഡിന് മുകളിൽ രാഹുൽ നിൽക്കുന്ന ദൃശ്യങ്ങളും ബാറ്റ്മാൻ കെട്ടിടങ്ങൾക്ക് മുകളിൽ നിൽക്കുന്ന രംഗങ്ങളും മാറിമാറി കാണിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.