'മറവിരോഗ'ത്തിനു കടിഞ്ഞാണിടാനൊരുങ്ങി ശാസ്ത്രലോകം! മറവിരോഗത്തിന് ഏറ്റവും ഫലപ്രദമായ പുതിയ ചികിത്സാരീതികളും ഔഷധങ്ങളും വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ പൂർണവിജയം വരിച്ചതായി ഗവേഷകർ. മറവിരോഗത്തിനു കാരണങ്ങളിലൊന്നായ 'ടൗ' പ്രോട്ടീനുകളുടെ വിനാശകരമായ മാറ്റത്തിന്റെ ഉറവിടമാണു ഗവേഷകർ കണ്ടെത്തിയത്. തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പ്രോട്ടീൻ രൂപമാറ്റത്തിന്റെ തുടക്കം എവിടെയാണെന്നു വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തൽ.
സാധാരണയായി നാഡീകോശങ്ങളുടെ ആന്തരികഘടനയെ പിന്തുണയ്ക്കുന്ന പ്രോട്ടീനാണ് 'ടൗ'. എന്നാൽ മറവിരോഗം ബാധിക്കുന്നവരിൽ, ഈ പ്രോട്ടീനുകൾ അസാധാരണരീതിയിൽ രൂപമാറ്റം സംഭവിക്കുകയും ഫൈബ്രിൽ എന്ന നാരുകളായി ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്പോൾ നാഡീകോശങ്ങളുടെ സ്വാഭാവിക പ്രവർത്തനം തകരാറിലാകും. ഇത്തരത്തിൽ അസാധാരണമായി മാറിയ പ്രോട്ടീൻ മറ്റു പ്രോട്ടീനുകളെക്കൂടി വിനാശകരമായ രീതിയിലേക്കു മാറ്റാൻ പ്രേരണയാകും.
എന്നാൽ, പ്രോട്ടീനിലെ പ്രത്യേക കേന്ദ്രമാണ് ഈ പ്രക്രിയയ്ക്കു കാരണമാകുന്നതെന്ന സുപ്രധാന കണ്ടെത്തലാണു ഗവേഷകർ നടത്തിയിരിക്കുന്നത്. പ്രോട്ടീനിലെ ജലത്തെ പ്രതിരോധിക്കുന്ന ഭാഗത്ത് ജലതന്മാത്രകൾ ഒരു തൊപ്പിപോലുള്ള ഘടന നിർമിക്കുന്നു. ഇത്തരത്തിലുള്ള രണ്ടു കേന്ദ്രങ്ങൾ കൂടിച്ചേരുമ്പോൾ ഇവയ്ക്കിടയിലെ ജലം അലിഞ്ഞുപോകുകയും ടൗ പ്രോട്ടീനുകൾ തമ്മിൽ ശക്തമായി കൂട്ടിച്ചേരുകയും ചെയ്യുന്നു. ഈ മേഖല കേന്ദ്രീകരിച്ചു കൂടുതൽ പഠനങ്ങളും ഔഷധങ്ങളും വികസിപ്പിച്ചാൽ പ്രോട്ടീനുകളുടെ വിനാശകരമായ രൂപമാറ്റത്തെയും രോഗവ്യാപനത്തെയും തുടക്കത്തിൽ തന്നെ തടയാനാകുമെന്നു ഗവേഷകർ വ്യക്തമാക്കുന്നു.
കണ്ടെത്തൽ സ്ഥിരീകരിക്കാൻ, ടൗ പ്രോട്ടീന്റെ കേന്ദ്രത്തിൽ കെമിക്കൽ ടാഗ് ഘടിപ്പിച്ചു പരീക്ഷണം നടത്തി. ഫൈബ്രിലുകളുടെ വളർച്ച പൂർണമായും അവസാനിക്കുന്നതു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. പ്രോട്ടീനുകൾ ഒന്നിനുമീതെ ഒന്നായി കൂടിച്ചേരുന്പോഴാണ് ഫൈബ്രിലുകൾ വളരുന്നത്. പ്രോട്ടീന്റെ പ്രത്യേക ഭാഗം മറ്റൊന്നുമായി ഒട്ടിപ്പിടിക്കുമ്പോൾ മാത്രമാണിതെന്നും ഗവേഷകർ നിരീക്ഷിച്ചു. കൂടിച്ചേരലിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ പോലും ഫൈബ്രിലുകളുടെ വളർച്ച നിലയ്ക്കുമെന്നും ഗവേഷകർ പറഞ്ഞു.
ടൗ പ്രോട്ടീനുകളുടെ പ്രവർത്തനം വിശദമായി മനസിലാക്കാനും പ്രതിരോധ ചികിത്സകൾ വികസിപ്പിക്കാനും പുതിയ കണ്ടെത്തൽ ശാസ്ത്രലോകത്തിനു വഴികാട്ടിയാകുമെന്നു ഗവേഷസംഘം വ്യക്തമാക്കി.