തൃശൂര്‍: ദേവദുന്ദുഭിയില് ശ്രുതിചേര്‍ത്ത്, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദിപദങ്ങള് കലോത്സവവേദിക്കു സമ്മാനിച്ചത് ശുദ്ധസംഗീതത്തിന്റെ രാഗരസം.
സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ അഷ്ടപദി ഉന്നതനിലവാരം പുലര്‍ത്തിയപ്പോള്‍ മത്സരം ആവേശമായി. 14 പേര് പങ്കെടുത്ത അഷ്ടപദിയില്‍ 14 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
12-ാം നൂറ്റാണ്ടില്‍ ജീവിച്ച സംസ്കൃതകവി ജയദേവര്‍ രചിച്ച സംസ്കൃതകാവ്യം ഗീതാഗോവിന്ദത്തിലെ 24 അഷ്ടപദികളാണു സാധാരണയായി വേദികളില്‍ അവതരിപ്പിക്കുന്നത്. പൊതുവേ ഓരോ പദങ്ങളും ഓരോ രാഗഭാവങ്ങളിലാണ് ആലപിക്കുന്നതെന്ന് ഈയിനത്തില്‍ എ ഗ്രേഡ് ലഭിച്ച കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ആര്. ശ്രേയസ് പറഞ്ഞു.
പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഏലൂര്‍ ബിജുവിന്റെ ശിഷ്യനാണ് ശ്രേയസ്. ഈയിടെ അന്തരിച്ച തൃക്കാരിയൂര്‍ സുരേഷ് മാരാരായിരുന്നു ഇടയ്ക്കയില്‍ ശ്രേയസിന്റെ ഗുരു.
സി.കെ.രാജേഷ് കുമാറിന്റെയും കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ പി.എസ്. ലക്ഷ്മിപ്രിയയുടെയും മകനാണ് ശ്രേയസ്. നാലാംക്ലാസില്‍ പഠിക്കുന്ന നവ്ദീപ് സഹോദരനാണ്.