തൊടുപുഴ: കാരിക്കോട് ദേവീക്ഷേത്രത്തില്‍ മോഷണം. നടപ്പന്തലിലെ വലിയ കാണിക്കവഞ്ചി തകര്‍ത്താണ് പണം അപഹരിച്ചത്. 20,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി രണ്ടോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തോടു ചേര്‍ന്നുള്ള സബ് ഗ്രൂപ്പ് ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും മോഷണം ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ നട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഉടന്‍തന്നെ തൊടുപുഴ പൊലിസില്‍ വിവരമറിയിച്ചു.
തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, സിഐ മനേഷ് പൗലോസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഡോഗ്സ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി തെളിവെടുത്തു. ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന നിലവിളക്ക് അടക്കമുള്ള മറ്റു വസ്തുക്കള്‍ മോഷണം പോയിട്ടില്ല.
ക്ഷേത്രങ്ങളില്‍ മാത്രം മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. തൊടുപുഴയില്‍ ഉണ്ടായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ഡിസിസി മെംബര്‍ ജയകൃഷ്ണന് പുതിയേടത്ത് മോഷണവിവരം അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്കി. തൊടുപുഴ നഗരത്തില്‍ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ ക്ഷേത്രമോഷണമാണിത്. കോലാനി അമരംകാവ് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ സമാനരീതിയില്‍ മോഷണം നടന്നിരുന്നു.