International
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
International
ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ദോഹയിൽ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രയേൽ - പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തങ്ങൾ പിൻമാറുകയാണെന്ന് ഖത്തർ അറിയിച്ചു.
അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല.
ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താനാകില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണം ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കി.