International
വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പാലങ്ങളും തകർത്ത് അമേരിക്കൻ സൈന്യം. ബന്ദർ അബ്ബാസ് തുറമുഖനഗരത്തിലെ റെയിൽവേ സ്റ്റേഷൻ, ഇറാൻഷഹർ വിമാനത്താവളം, ബന്ദർ ഖമീർ തീരദേശ നഗരത്തിലുള്ള രണ്ടു പാലങ്ങൾ എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ദുബായ്: ഇറാനിൽ അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനു സമീപമുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പാലങ്ങളും ആക്രമണത്തിൽ തകർന്നു. തുടർച്ചയായ ആറാം ദിവസമാണ് അമേരിക്ക ഇറാനിൽ കനത്ത ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും തകർന്നതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ കരിനിഴലിലായത്.
ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, ഇറാൻഷഹർ വിമാനത്താവളം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ തീരദേശ നഗരത്തിലുള്ള രണ്ടു പാലങ്ങൾ എന്നിവയാണ് അമേരിക്കൻ സൈന്യം പ്രധാനമായും ആക്രമിച്ചത്. വിമാനത്താവളത്തിനുസമീപം മൂന്നു വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ് റെയിൽവേ സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇറാൻ പൗരന്മാർക്കു പരിക്കേറ്റു. കോഹൗറെസ്ഥാൻ ഗ്രാമത്തിലെ ഷോർ നദിക്ക് കുറുകെയുമുള്ള പാലങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഏക സിവിലിയൻ ആണവനിലയമുള്ള ബുഷെഹറിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമണം ശക്തമാക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടസപ്പെടുത്തിയതാണ് പശ്ചിമേഷ്യ യുദ്ധസാഹചര്യങ്ങളിലേക്കു നീങ്ങാൻ കാരണം.
ഹോർമുസിലെ ഗതാഗത തടസം പിൻവലിച്ചില്ലെങ്കിൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം വ്യാപിപ്പിച്ചത്. അമേരിക്കൻ സൈന്യം ഇറാൻ തുറമുഖങ്ങൾക്കെതിരേ നാവിക ഉപരോധവും പുനരാരംഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും അമേരിക്കയുടെ സഖ്യരാജ്യങ്ങൾക്കുംനേരേ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനിൽ ഇതിനോടകം മുപ്പത്തിയഞ്ചിലധികം പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിർണായക വെളിപ്പെടുത്തൽ.
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ലെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തുകഴിഞ്ഞു. മികച്ച കമാൻഡർമാരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനയ് നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ഖമനയ്യുടെ മകനായ മുജ്തബയും ഏതാണ്ട് പൂർണമായി ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളെത്തുടർന്ന് ഖമനയ്യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനെതിരേ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്നും ആക്രമണം നേരിടാൻ ഇറാനോട് തയാറായിരിക്കാനും ട്രംപ് വ്യക്തമാക്കി. മധ്യ ഇറാനിലെ സാഗ്രോസ് പർവത നിരകളിൽ ഭൂമിക്കടിയിൽ അതീവ സുരക്ഷയോടെ സ്ഥിതി ചെയ്യുന്ന ആണവകേന്ദ്രമാണ് പിക്കാക്സ് മൗണ്ടൻ.
ഈ ഭീഷണിക്ക് തൊട്ടുപിന്നാലെ ഇറാനിൽ അമേരിക്കൻ സൈന്യം ആക്രമണം കടുപ്പിച്ചു. തുടർച്ചയായ മൂന്നാമത്തെ രാത്രിയും ഇറാനെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ കനത്ത സ്ഫോടനങ്ങൾ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൽ കടുത്ത ഉപരോധമേർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. ചൊവ്വാഴ്ച മുതൽ നിലവിൽ വരുന്ന ഉപരോധത്തിന്റെ ഭാഗമായി ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ സാധാരണക്കാർക്കും വാണിജ്യ കപ്പലുകൾക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം.
ഇറാനുള്ള കനത്ത തിരിച്ചടി വരുംദിവസങ്ങളിലും തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ കടുത്ത നീക്കത്തോടെ പശ്ചിമേഷ്യ പൂർണമായൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.