കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
അൽ-റത്ഖ മേഖലയിൽ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെതുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി.
ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.