പത്തനംതിട്ട: നഗരസഭയുടെ ചുമതലയിലുള്ള ടൗൺ സ്ക്വയർ പടികൾ തകർത്ത് പൊതുമരാമത്ത് ഓട നിർമാണം. ടൗൺ സ്ക്വയറിന്റെ പ്രവേശ കവാടം വെട്ടിപ്പൊളിച്ചാണ് ഈ ഭാഗത്ത് ഓട നിർമിക്കുന്നത്. മുൻ ധാരണകൾ ലംഘിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടികളെന്ന് എൽഡിഎഫ് ആരോപിച്ചു. വിഷയത്തിൽ നിസംഗത തുടരുന്ന യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ നടപടിക്കെതിരേ നഗസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൗൺ സ്ക്വയർ നിർമിച്ചത്. ഗാർഡനിംഗും ഇരിപ്പിടവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്.
അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡിനായും കുന്പഴ - തിരുവല്ല റോഡിന്റെ വശത്തും പൊതുമരാമത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയാണ് ടൗൺ സ്ക്വയർ നിർമിച്ചത്.
ജല അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനും കെഎസ്ഇബിയുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനും പ്രത്യേകം സ്ഥലവും നൽകിയിരുന്നു. പൊതുമരാമത്ത്, വൈദ്യുതി, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചാണ് ഇതുസംബന്ധിച്ച ധാരണയുണ്ടാക്കിയത്.
ധാരണകൾ നിലനിൽക്കവേയാണ് ഓട നിർമാണത്തിന്റെ ഭാഗമായി പ്രവേശന കവാടത്തിന്റെ ചവിട്ടുപടിയുടെ ഭാഗം പൊളിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു നടപടി. മുൻ എംഎൽഎ കെ.കെ. നായരുടെ പ്രതിമയും അപകട ഭീഷണിയിലാണ്.
നിരവധിയാളുകളാണ് വൈകുന്നേരങ്ങളിൽ ടൗൺ സ്ക്വയറിൽ എത്തുന്നത്. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ആളുകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. സ്റ്റേജിനു സമീപമുള്ള ഗേറ്റിലൂടെ മേൽപ്പാലം ജോലികൾ കാരണം പ്രവേശിക്കാനും ബുദ്ധിമുട്ടുണ്ട്.
എൽഡിഎഫ് പ്രതിഷേധം
നഗരസഭയ്ക്ക് ഒരു നോട്ടീസുപോലും നൽകാതെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടംവരുത്തി പൊതുമരാമത്ത് വകുപ്പ് നടത്തിയ നടപടിയെ സംബന്ധിച്ച് ചെയർപേഴ്സൺ അടക്കം നിസംഗത തുടരുന്നതിനിടെയാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് വിഷയം ഉന്നയിച്ചത്.
എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പ്രതിഷേധ യോഗം നടത്തി.
ഗാന്ധി സ്ക്വയറിനു സമീപം ചേർന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കെ. മാത്യു, കൗൺസിലർമാരായ അനില അനിൽ, ബിജിമോൾ മാത്യു, എൻ.എം. വിജയരാജൻ, പി.ഡി. അമ്മിണി, മഞ്ജു പ്രദീപ്, കൊച്ചുറാണി, അൻസിൽ അഹമ്മദ്, ഷൈനി അഷ്റഫ്, ജോജി ശാമുവേൽ, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ജലവിതരണവും മുടങ്ങി
അബാൻ ജംഗ്ഷനിലെ ഓട നിർമാണത്തിന്റെ പേരിൽ നഗരത്തിലെ പലയിടങ്ങളിലും ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജലവിതരണവും തടസപ്പെടുത്തിയത്. ജലവിതരണം അടക്കം തടസപ്പെട്ടിട്ടും പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.