പൂക്കോട്ടുംപാടം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ അമരന്പലത്ത് പ്രതിഷേധം ശക്തമാകുന്നു. കേരള കർഷകസംഘം അമരന്പലം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി.
2026 ജൂലൈ 27നാണ് കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. മുന്‍പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ കരട് ഇറക്കിയിരിക്കുന്നത്.
ഈ വിജ്ഞാപനത്തിൽ മലപ്പുറം ജില്ലയിലെ അമരന്പലം ഉൾപ്പെടെ 11 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമരന്പലം കൂടാതെ കരുവാരകുണ്ട്, കേരള എസ്റ്റേറ്റ്, കാളികാവ്, ചോക്കാട്, അകന്പാടം, വഴിക്കടവ്, പോത്തുകല്ല്, കുറുന്പലങ്ങോട്, ചുങ്കത്തറ എന്നിവയാണ് ജില്ലയിലെ മറ്റ് വില്ലേജുകൾ.
ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കി വ്യക്തമായ അതിർത്തി നിർണയം നടത്തണം, ഇഎസ്എ അതിർത്തി, സർവേ നന്പറുകൾ, വനവിസ്തൃതി എന്നിവ വ്യക്തമാക്കുന്ന കാഡസ്ട്രൽ മാപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം, 131 വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയുണ്ടെന്ന കണക്കിലെ പിശകുകൾ തിരുത്തുകയും ഓരോ വില്ലേജിലെയും യഥാർഥ വനവിസ്തൃതി പ്രസിദ്ധീകരിക്കുകയും വേണം.
അതിർത്തി നിർണയത്തിനായി ആവശ്യമുള്ളയിടങ്ങളിൽ നേരിട്ടുള്ള പരിശോധനകൾ നടത്തണം, കരട് വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളിൽ നീട്ടി കിട്ടണം. എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.
കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു.
കർഷകസംഘം ഏരിയാ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ. പ്രസന്നൻ, പി.വി. മുകുന്ദോഷ്, അമരന്പലം മേഖലാ പ്രസിഡന്റ് പി.കെ. പ്രമോജ്, പഞ്ചായത്ത് അംഗങ്ങളായ എം.എ. നസീർ, പി.കെ. ബീന, ഒ. ഷാജി, സിപിഎം ചുള്ളിയോട്, അമരന്പലം ലോക്കൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ പെരുന്പലത്ത്, പി.സി. നന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ജനങ്ങളെ വിശ്വാസത്തിലെടുക്കണം: കർഷകസംഘം
കരുവാരകുണ്ട്: പശ്ചിമഘട്ട സംരക്ഷണം ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ പങ്കാളികളാക്കിയും സുസ്ഥിര വികസനം ഉറപ്പാക്കിയും നടപ്പാക്കേണ്ടതാണെന്ന് കര്‍ഷകസംഘം. പതിറ്റാണ്ടുകളുടെ സമ്പാദ്യവും തലമുറകളായി താമസിച്ചുവരുന്ന ഇടവും നഷ്ടപ്പെടാത്ത തരത്തില്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി കര്‍ഷകരും ബഹുജനങ്ങളും ഒരുമിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളും എംല്‍എമാരും എംപിമാരും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി ഇടപെടണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു.പുതിയ കരട് വിജ്ഞാപനത്തിനെതിരേ വീണ്ടും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കേണ്ടതുണ്ടെന്നും കര്‍ഷക സംഘം ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും എല്ലാ ഗ്രാമസഭകളിലും പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയക്കണമെന്നും കേരള കര്‍ഷക സംഘം ആവശ്യപ്പെട്ടു. കര്‍ഷക സംഘം ജില്ലാ നിര്‍വാഹക സമിതിയംഗം എ.ടി. റെജി, ജില്ലാ കമ്മിറ്റിയംഗം ഏബ്രഹാം വര്‍ഗീസ്, ഏരിയാ സെക്രട്ടറി കെ. റഹീം, മില്‍മ മലബാര്‍ മേഖലാ യൂണിയന് ഡയറക്ടര്‍ സണ്ണി മറ്റത്താണി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.