കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ധനകാര്യ വിദഗ്ധരായ ഹരി വെള്ളൂർ, അശോക് തുക്കാറാം ധമൻകർ എന്നിവരെ നിയമിച്ചു. ഹരി വെള്ളൂരിനെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടറായും അശോകിനെ നോണ്‍ എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായുമാണു നിയമിച്ചത്.
സാന്പത്തികരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഹരി വെള്ളൂർ ബാങ്കിംഗ്, ബ്രാഞ്ച് ഓപ്പറേഷൻസ്, ഉപഭോക്തൃ പങ്കാളിത്തം, ബിസിനസ് വികസനം എന്നീ മേഖലകളിൽ വിദഗ്ധനാണ്. ഇസാഫ് ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും എച്ച്ഡിഎഫ്സി ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റായ അശോക് തുക്കാറാം ധമൻകറിന് നിക്ഷേപ ബാങ്കിംഗ്, സുസ്ഥിര ധനകാര്യം, കാർഷിക മൂല്യശൃംഖല, സാന്പത്തികസേവനങ്ങൾ എന്നീ മേഖലകളിൽ ദീർഘകാല വൈദഗ്ധ്യമുണ്ട്.
യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കന്പനിയുടെയും സമുന്നതി ഫിനാൻഷ്യൽ ഇന്റർമീഡിയേഷൻ ആൻഡ് സർവീസസിന്റെയും സിഎഫ്ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെതർ റിസ്ക് മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, നർച്വർ ഫിനാൻഷ്യൽ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഉപദേശകസമിതിയംഗവുമായിരുന്നു.