ഈസ്റ്റ് എളേരി പഞ്ചായത്ത്
പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷമോ പ്രതിപക്ഷനേതാവോ ഇല്ലെങ്കിലും പ്രായോഗിക തലത്തിൽ എല്ലായിടങ്ങളിലും ഒരു ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാവും. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും കോൺഗ്രസിലെ വിഘടിത വിഭാഗത്തിനുമെല്ലാം അംഗങ്ങളുണ്ടായിരുന്നിട്ടും എല്ലാവരും ഒരുപോലെ ഭരണപക്ഷം തന്നെയായി മാറിയ അപൂർവതയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ കഴിഞ്ഞതവണ ഉണ്ടായത്.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗങ്ങളിലൊന്നായ പഞ്ചായത്തിൽ കാലാകാലങ്ങളിൽ രണ്ടോ മൂന്നോ സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. അവർ സ്ഥിരമായി പ്രതിപക്ഷത്തായിരുന്നു. എന്നാൽ കഴിഞ്ഞതവണ കോൺഗ്രസും വിഘടിത വിഭാഗമായ ഡിഡിഎഫും ഏഴു വീതം സീറ്റുകളും സിപിഎം രണ്ട് സീറ്റുമാണ് നേടിയത്.
ആദ്യ രണ്ടേകാൽ വർഷക്കാലം ഡിഡിഎഫിലെ ജയിംസ് പന്തമ്മാക്കൽ പ്രസിഡന്റായി. ഡിഡിഎഫ് കോൺഗ്രസിലേക്ക് മടങ്ങിയതിനു പിന്നാലെ അദ്ദേഹം രാജിവച്ചപ്പോൾ കോൺഗ്രസിലെ ജോസഫ് മുത്തോലി പ്രസിഡന്റായി. രണ്ടു തവണയും സിപിഎമ്മിലെ രണ്ടംഗങ്ങളും ഭരണപക്ഷത്തോടൊപ്പം നിന്നു.
ഒരുവർഷം മുമ്പ് പഴയ ഡിഡിഎഫിലെ നാലംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചതോടെ മാത്രമാണ് കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുകയും സിപിഎമ്മിലെ രണ്ടംഗങ്ങൾ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തത്. എന്നിട്ടും വികസനകാര്യ സ്ഥിരം സമിതി ചെയർമാനായ സിപിഎമ്മിലെ കെ.കെ. മോഹനൻ തത്സ്ഥാനത്ത് തുടര്ന്നു.
പഴയ ഡിഡിഎഫ് വിഭാഗത്തിലെ അവശേഷിക്കുന്ന അംഗങ്ങള് കോൺഗ്രസിന്റെ ഭാഗമായതിനാൽ അവരും ഭരണപക്ഷത്തുതന്നെ തുടർന്നു. അങ്ങനെ മുഴുവൻ അംഗങ്ങളും ഭരണപക്ഷത്തുതന്നെയായി. അയോഗ്യരാക്കപ്പെട്ട നാലംഗങ്ങളും രാജിവച്ച മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലും ഭരണസമിതിയിൽ നിന്നുതന്നെ പുറത്തുപോവുകയും ചെയ്തു.
നേട്ടങ്ങൾ
ജോസഫ് മുത്തോലി
പ്രസിഡന്റ് (കോണ്ഗ്രസ്)
മാലിന്യമുക്ത പഞ്ചായത്ത്, അതിദാരിദ്ര്യമുക്ത പഞ്ചായത്ത്, മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്തു നൽകിയ പഞ്ചായത്ത് എന്നീ നേട്ടങ്ങൾ കൈവരിച്ചു.
ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം, രണ്ട് ഹെൽത്ത് സബ് സെന്ററുകൾ, നാല് അങ്കണവാടികൾ, മൂന്ന് പട്ടികവർഗ കമ്യൂണിറ്റി ഹാളുകൾ, ആയുർവേദ ഡിസ്പെൻസറി എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. എല്ലാ ഹെൽത്ത് സബ് സെന്ററുകളെയും വെൽനസ് സെന്ററുകളാക്കി നവീകരിച്ചു.
100 കിലോമീറ്റർ റോഡുകളുടെ റീടാറിംഗ്, 12 കിലോമീറ്റർ പുതിയ റോഡുകൾ, ആറ് കിലോമീറ്റർ വീതികൂട്ടൽ,12 റോഡുകൾക്ക് ഓവുചാലുകളുടെ നിർമാണം എന്നിങ്ങനെ 16 കോടി രൂപയുടെ റോഡ് വികസനപ്രവർത്തനങ്ങൾ.
വനാതിർത്തിയിൽ വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥാപിച്ച സൗരോർജ തൂക്കുവേലികളുടെ സംരക്ഷണ ചുമതല പൂർണമായും പഞ്ചായത്ത് ഏറ്റെടുത്തു.
250 സൗരോർജ വഴിവിളക്കുകൾ, 20 മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു
കർഷകർക്ക് വളം സബ്സിഡി,സംയോജിത കൃഷിക്ക് പ്രോത്സാഹനം, മുറ്റത്തും ടെറസിലും പച്ചക്കറികൃഷി, കിഴങ്ങ് കൃഷി പ്രോത്സാഹനം, സൗജന്യ വാഴക്കന്ന് വിതരണം ഉൾപ്പെടെ കാർഷികമേഖലയിൽ നിരവധി പദ്ധതികൾ.
മൃഗസംരക്ഷണ മേഖലയിൽ മുഴുവൻ ക്ഷീരകർഷകർക്കും പാലിന് സബ്സിഡി, കാലിത്തീറ്റയ്ക്ക് സബ്സിഡി, സബ്സിഡി നിരക്കിൽ പശു വിതരണം, മുട്ടക്കോഴി വിതരണം, പട്ടിക വർഗവിഭാഗങ്ങൾക്ക് കോഴിയും കോഴിക്കൂടും വിതരണം തുടങ്ങിയ പദ്ധതികൾ.
ലൈഫ് /പിഎംഎവൈ പദ്ധതിയിൽ 180 വീടുകൾ പൂർത്തീകരിച്ചു. പുതുതായി 50 വീടുകൾക്ക് കൂടി നിർമാണാനുമതി ലഭ്യമാക്കി. പട്ടികവർഗ വിഭാഗത്തിൽ 100 വീടുകളുടെ അറ്റകുറ്റപണികൾക്ക് ഫണ്ട് ലഭ്യമാക്കി.
വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം, എല്ലാ ക്ലാസ് മുറികളിലും ദിനപത്ര വിതരണം, വായന ചാലഞ്ച്, ഈസ്റ്റ് എളേരിയെ അറിയാം എന്ന പേരിലുള്ള പഠനയാത്രകൾ, ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കി.
എല്ലാ ഉന്നതികളിലും ചെറുകിട കുടിവെള്ള പദ്ധതികൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 40 ലക്ഷം രൂപ ചെലവിൽ ചിറ്റാരിക്കാൽ-അറക്കത്തട്ട് കുടിവെള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചു. അറക്കത്തട്ട് കുടിവെള്ള പദ്ധതി നവീകരണത്തിന് 12 ലക്ഷം രൂപ വകയിരുത്തി. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1000 പുതിയ കണക്ഷനുകൾ നൽകി.
ഭിന്നശേഷി വിഭാഗക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു.180 ഓളം പേർക്ക് ഭിന്നശേഷി സ്കോളർഷിപ്പുകൾ നൽകി. ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
പട്ടികവിഭാഗം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം, ലാപ്ടോപ്പ് വിതരണം, സ്കോളർഷിപ്പ് വിതരണം, പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള പദ്ധതികൾ.
തണൽ വയോജന സംഗമങങൾ, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, മുഴുവൻ കിടപ്പുരോഗികൾക്കും വീട്ടിലെത്തിപരിചരണം, ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കിറ്റ് വിതരണം എന്നീ ക്ഷേമപദ്ധതികൾ.
മാലിന്യ നിർമാർജന രംഗത്ത് മികച്ച മുന്നേറ്റം. ഹരിത കർമസേനയുടെ 100 ശതമാനം വാതിൽപ്പടി സേവനം ഉറപ്പാക്കി. എംസിഎഫുകളിൽ കൂടുതൽ സൗകര്യങ്ങൾ, പുതിയ ബൈലിംഗ് മെഷീൻ, എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ, എല്ലാ ജംഗ്ഷനുകളിലും ബോട്ടിൽ ബൂത്തുകൾ.
കടുമേനിയിൽ ടേക്ക് എ ബ്രേക്ക് നിർമിച്ചു.
ചിറ്റാരിക്കാലിൽ വനിതാ ജിംനേഷ്യം സ്ഥാപിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിൽ.ടുതൽ തുക ചെലവഴിക്കുന്ന പഞ്ചായത്ത്.
കോട്ടങ്ങൾ
സാങ്കേതികമായി പ്രതിപക്ഷാംഗമായ കെ.കെ. മോഹനൻ അഞ്ചുവർഷവും വികസനകാര്യ സ്ഥിരം സമിതി ചെയർമാനായിരുന്നതിനാൽ താൻ കൂടി ഭാഗമായ ഭരണസമിതിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഒറ്റനോട്ടത്തിൽ
രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വികസനകാര്യങ്ങളിൽ സാമാന്യം മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും യുഡിഎഫിനുതന്നെ മികച്ച മുൻതൂക്കമുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ചില വാർഡുകളിലെങ്കിലും പ്രതിഫലിച്ചേക്കാം. എങ്കിലും ഇത്തവണ കൂടുതൽ സ്ഥിരതയുള്ള ഭരണസമിതിരൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള കക്ഷിനില
ആകെ വാർഡുകൾ: 16
യുഡിഎഫ് - 09
(കോൺഗ്രസ് 09)
എൽഡിഎഫ്- 02
(സിപിഎം 02)
ഒഴിഞ്ഞുകിടക്കുന്ന
വാർഡുകൾ: 05
ഇത്തവണത്തെ വാർഡുകളുടെ
എണ്ണം: 18