ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഓഗസ്റ്റ് രണ്ടിന് നടക്കും.
വൈകുന്നരം അഞ്ചിന് ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) വച്ചാണ് പരിപാടി നടക്കുക. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെ വിവരങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നാമം ഭാരവാഹികൾ വിശദീകരിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം ആമുഖ പ്രസംഗം നടത്തി. നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത് ഏവരെയും സ്വാഗതം ചെയ്തു. നാമം സ്ഥാപക ചെയർമാൻ മാധവൻ നായർ, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനും പിന്നിൽ പ്രവർത്തിച്ച മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ചു.
2010-ൽ ആരംഭിച്ച നാമം ഇന്ന് വിവിധ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഓരോ വർഷവും സമൂഹത്തിലെ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിലൂടെ മികവിനെ പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ വിദഗ്ധരെയും വിശ്വാസ്യതയുള്ള സ്രോതസുകളെയും ഉൾപ്പെടുത്തി പ്രഫഷണൽ രീതിയിൽ ജേതാക്കളെ കണ്ടെത്തുകയും അവരുടെ നേട്ടങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്യുന്ന സംവിധാനമാണ് നാമം എക്സലൻസ് അവാർഡ്.
ഈ വർഷം ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏർപ്പെടുത്തുന്നുവെന്നതാണ് പ്രത്യേകത. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഓങ്കോളജി രംഗത്ത് ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച പ്രമുഖ കാൻസർരോഗ വിദഗ്ധനും സാംസ്കാരിക നായകനുമായ ഡോ. എം.വി. പിള്ളയാണ് ഈ ബഹുമതിക്ക് അർഹനായത്.
എക്സലൻസ് അവാർഡിൽ വിവിധ മേഖലകളിലെ ജേതാക്കൾ: പത്മശ്രീ എച്ച്.ആർ. ഷാ (മാധ്യമ പ്രവർത്തനം), കേണൽ വീരേന്ദ്ര തവാതിയ (പൊതുസേവനം, ജീവകാരുണ്യ പ്രവർത്തനം), ഡോ. സജിമോൻ ആന്റണി (സാമൂഹിക നേതൃത്വം), ഡോ. മാത്യു കെ. ഐസക് (സാഹിത്യം), കിഷോർ വാരിയത്ത് (സംരംഭകത്വം), പണ്ഡിറ്റ് രഘു ശങ്കരമഞ്ചി (സാമൂഹിക സേവനം), ഡോ. നന്ദിനി മേനോൻ (വിദ്യാഭ്യാസം), സ്പർശ് ഷാ (അതുല്യ പ്രതിഭ) എന്നിവരാണ്.
ഇതുകൂടാതെ ജൂറിയുടെ പ്രത്യേക സൈറ്റേഷൻ അവാർഡുകൾ ജോർജ് ജോസഫ്, സുനിൽ ട്രൈസ്റ്റാർ, തബല വാദനത്തിനു കേന്ദ്ര അക്കാദമി അവാർഡ് നേടിയ ടി.എസ്. നന്ദകുമാർ എന്നിവർക്കും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.