നിലമ്പൂര്‍: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തേക്ക് പോകുന്ന പ്രവണത ഇല്ലാതാക്കാന്‍ സംസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും പുതിയ പഠന പ്രോഗ്രാമുകളും ഒരുക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍. നിലമ്പൂര്‍ അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും കേരളത്തില്‍ തന്നെ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഓരോ വിദ്യാര്‍ഥിയുടെയും കഴിവിനും അഭിരുചിക്കുമനുസരിച്ച് വളരാനുള്ള അവസരവും ആവശ്യമായ പരിശീലനവും നല്‍കണം. വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷകരാകുന്നതിന് പകരം തൊഴില്‍ദാതാക്കളായി മാറാന്‍ ശ്രമിക്കണം. അതിനുള്ള നിരവധി അവസരങ്ങള്‍ കേരളത്തിലുണ്ട്.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍നിന്നുപോലും നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്വയം സംരംഭകരായി മാറാനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്കുന്നവരാകാനും സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.വി. അബ്ദുല്‍ വഹാബ് എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ,ആര്യാടന് ഷൗക്കത്ത്, ടി.പി, അഷ്റഫ് അലി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി എന്നിവര്‍ മുഖ്യാതിഥികളായി. പി.വി അലിമുബാറക്, പി.എം. ഉസ്മാനലി, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.പി. മുഹമ്മദ് ബഷീര്‍, സിഇഒ വി.കെ. അബ്ദുല്‍ ഖാദര്‍, യാസ്മിന് അബ്ദുല്‍ വഹാബ്, കെ.പി. ജനീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. 313 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.