തൃശൂർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് ഹോട്ടൽ മേഖല.
നിയന്ത്രണം നീക്കുന്നതിനൊപ്പം അമിതവിലയും ജിഎസ്ടിയും ഒഴിവാക്കാനോ ഇളവുചെയ്യാനോ കേന്ദ്രസർക്കാർ തയാറാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) പ്രസിഡന്റ് വി.ജി. ശേഷാദ്രി, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് എന്നിവർ ആവശ്യപ്പെട്ടു.
വാണിജ്യസിലിണ്ടറുകളുടെ വിലക്കയറ്റം ഹോട്ടൽവ്യാപാരത്തിന്റെ നട്ടെല്ലൊടിച്ചു. വാണിജ്യ ഗ്യാസ് സിലിണ്ടറിനു കഴിഞ്ഞ ജനുവരി മുതൽ 1,442 രൂപയാണു വർധിപ്പിച്ചത്. ഇപ്പോൾ ഒരു സിലിണ്ടറിന്റെ വില 3,200 രൂപയോളമാണ്. പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഒരു രൂപ ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെന്നും ഇവർ പറഞ്ഞു. ഇതിനുപുറമേയാണ് പതിനെട്ടു ശതമാനം ജിഎസ്ടി എന്ന അമിതഭാരം.
പാചകവാതകപ്രതിസന്ധി അവസാനിച്ചാലും സിലിണ്ടറുകൾക്കു നൽകേണ്ട ഇരട്ടിവില നഷ്ടക്കണക്കാണ്. പഴയതുപോലെ സിലിണ്ടർ ഒന്നിന് 1600-1700 രൂപയിൽ ലഭ്യമാക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.