ബെർലിൻ: യൂറോപ്പിനെ ആശങ്കയിലാഴ്ത്തി വൻ ഉഷ്ണതരംഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ DWD-യുടെ കണക്കുകളും വാർത്താ ഏജൻസിയായ AFPയുടെ റിപ്പോർട്ടുകളും പ്രകാരം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലായി 13.5 കോടിയിലേറെ ആളുകളാണ് 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂട് നേരിടുന്നത്.
ഭൂമിയിലെ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറുകയാണെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. തുർക്കിയെ ഒഴിവാക്കിയുള്ള യൂറോപ്പിലെ ജനസംഖ്യയിൽ അഞ്ചിൽ മൂന്ന് പേരും ഏകദേശം 34 കോടി ആളുകളും 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച് താപനില
ഫ്രാൻസ്: രാജ്യത്ത് ഏകദേശം അഞ്ച് കോടി ആളുകളെയാണ് ഉഷ്ണതരംഗം നേരിട്ട് ബാധിച്ചിരിക്കുന്നത്. തലസ്ഥാനമായ പാരീസിലും വടക്കുകിഴക്കൻ മേഖലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇറ്റലി: പോ താഴ്വരയും പടിഞ്ഞാറൻ തീരപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തെ 2.9 കോടി ആളുകൾ 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയിൽ ബുദ്ധിമുട്ടുകയാണ്.
സ്പെയിൻ: രണ്ടരക്കോടിയോളം ആളുകളാണ് കടുത്ത ചൂട് നേരിടുന്നത്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്.
ബ്രിട്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 2.3 കോടി ആളുകൾക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നഗരങ്ങളിലും പ്രവാസികൾക്കും ദുരിതം
കൽക്കരി, പെട്രോൾ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാലാവസ്ഥാ വ്യതിയാനവുമാണ് ആവർത്തിച്ചുണ്ടാകുന്ന ഉഷ്ണതരംഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോൺക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും നിറഞ്ഞ നഗരങ്ങളിൽ അനുഭവപ്പെടുന്ന ചൂട് അർബൻ ഹീറ്റ് ഐലൻഡ് എഫക്ട് മൂലം കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നിരിക്കാനും സാധ്യതയുണ്ട്.
ഫാനുകളോ എയർ കണ്ടീഷണറുകളോ പരമ്പരാഗതമായി വീടുകളിൽ കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വയോധികരും കുട്ടികളും പുറംജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരും പ്രവാസികളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
ധാരാളം വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ നൽകുന്നത്.
ഉഷ്ണതരംഗം കൂടുതൽ ദിവസങ്ങൾ തുടരുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാനും കാട്ടുതീ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാധ്യത ഉയരാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.