കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് രാജ്യത്തെ പൗരന്റെ അവകാശമായ വോട്ടവകാശം ലഭിക്കുന്നതിനാവശ്യമായ കേന്ദ്ര സർക്കാർ നടപടികൾക്ക് ലോക കേരള സഭയുടെ ഇടപെടൽ ആവശ്യമാണെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ്) കൺവീനറും എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസീസ്.
അഞ്ചാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്. നിയോജക മണ്ഡലങ്ങളുടെ പുറത്ത് പഠനാവശ്യത്തിന് കഴിയുന്ന വിദ്യാർഥികൾക്ക് പോസ്റ്റൽ വോട്ടവകാശം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മുമ്പിൽ നിർദേശം ഉയർന്ന സാഹചര്യത്തിൽ പ്രവാസികൾക്കും ആ മാതൃകയിൽ വോട്ടവകാശം പരിഗണിക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.
നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻ പ്രവാസികളെ കൂടെ ഉൾപ്പെടുത്തണമെന്നും, തങ്ങളുടേതല്ലാത്ത സ്ഥാപനത്തിന്റെയും ഉടമയുടേയും ഉൾപ്പടെയുള്ള കാരണങ്ങളാൽ നാട്ടിലേക്ക് തിരച്ചയക്കപ്പെടുന്ന പ്രവാസികൾക്ക് വിസ മാറ്റി മറ്റൊരു തൊഴിൽ സ്ഥാപനത്തിലേക്ക് മാറുന്നതിന് കേന്ദ്ര സർക്കാർ / ഇന്ത്യൻ എംബസി ഇടപടൽ ആവശ്യപ്പെടണമെന്നും സഭയിൽ ഉന്നയിച്ചിരുന്നു.