ചെങ്കള: യുഡിഎഫ് സ്ഥാനാർഥിയുടെ പേരും ഫോട്ടോയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ ചിഹ്നവും ചേർത്തുവച്ച് വ്യാജ പോസ്റ്റർ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ചെങ്കള പഞ്ചായത്ത് 21-ാം വാർഡ് പടിഞ്ഞാർമൂലയിലെ യുഡിഎഫ് സ്ഥാനാർഥി വസന്തൻ അജക്കോടാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകിയത്. പട്ടികജാതി സംവരണ വാർഡിൽ ലീഗിന്റെ ഏണി ചിഹ്നത്തിലാണ് വസന്തൻ മത്സരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ്.
വസന്തന്റെ പേരും ഫോട്ടോയും വച്ച് യുഡിഎഫ് സ്ഥാനാർഥിയായ വസന്തന് ത്രാസ് ചിഹ്നത്തിൽ വോട്ടുചെയ്യാനാവശ്യപ്പെടുന്ന പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എതിർസ്ഥാനാർഥിയായ എൽഡിഎഫ് സ്വതന്ത്രൻ ടി. മധുരാജിന്റെ ചിഹ്നമാണ് ത്രാസ്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് എതിർസ്ഥാനാർഥിക്ക് വോട്ടുചെയ്യിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ തയാറാക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
സിപിഎം അനുകൂല ഗ്രൂപ്പുകളിൽ നിന്നാണ് ഈ പോസ്റ്റർ ആദ്യം പ്രചരിച്ചതെന്നും പരാതിയിലുണ്ട്. അതേസമയം, പോസ്റ്ററുമായി എൽഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി. ശിവപ്രസാദ് പറഞ്ഞു.