തണലേകി ഗാന്ധിഭവനും ആഭ്യന്തര മന്ത്രിയും
ഹരിപ്പാട്: മഴക്കെടുതിയിൽ വീടില്ലാതെ കഴിയേണ്ടിവന്ന നിർധന കുടുംബത്തിന് തണലായി പത്തനാപുരം ഗാന്ധിഭവനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. കാർത്തികപ്പള്ളി-ഡാണാപ്പടി റോഡിലെ പുരയിടത്തിൽ കഴിയുകയായിരുന്ന എട്ടുമാസം ഗർഭിണിയായ താര (30), ഇവരുടെ മക്കളായ രുദ്ര (11), രൂപ (ഏഴ്), രേവതി (അഞ്ച്), മീനാക്ഷി (മൂന്ന്), രാഹുൽ (രണ്ട്) എന്നിവരെയാണ് ഗാന്ധിഭവൻ ഏറ്റെടുത്ത് അഭയമൊരുക്കിയത്.
പട്ടിണിയിലായിരുന്ന കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ ആഭ്യന്തരമന്ത്രികൂടിയായ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തല വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. അദ്ദേഹം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനുമായി സംസാരിച്ചതിനെത്തുടർന്ന് കുടുംബത്തെ ഏറ്റെടുക്കാൻ ഗാന്ധിഭവൻ സന്നദ്ധത അറിയിച്ചു. തുടർന്ന് ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീറിനെ വിവരങ്ങൾ നേരിട്ടന്വേഷിക്കാൻ സ്ഥലത്തേക്ക് അയയ്ക്കുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനണ വിവരമറിയിക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രിയുടെ ഓഫീസ് സെക്രട്ടറി വേണു ജി. നായർ, ഹരിപ്പാട് നഗരസഭാംഗം രമ്യ, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, മുൻ പഞ്ചായത്ത് അംഗം സ്മിത പ്രദീപ്, മഞ്ജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമ്മയെയും കുട്ടികളെയും പത്തനാപുരത്തെ ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ ഇവരെ സ്വീകരിച്ചു.
വനിതാ ശിശുവികസനമന്ത്രി ബിന്ദു കൃഷ്ണയും ഇവരുടെ കാര്യത്തിൽ ഗാന്ധിഭവനുമായി ബന്ധപ്പെട്ടു. കുട്ടികളുടെ സംരക്ഷണം വനിതാ-ശിശുവികസന വകുപ്പിന്റെ ഉത്തരവുകൾക്കു വിധേയമായി ഉറപ്പാക്കും. താരയുടെ പ്രസവശുശ്രൂഷയും മറ്റു ചികിത്സാ സൗകര്യങ്ങളും ഗാന്ധിഭവൻ ഏറ്റെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസം, താരയ്ക്കും ഭർത്താവിനും താമസിക്കാൻ വീടും തൊഴിലും എന്നിവ ഗാന്ധിഭവൻ നൽകുമെന്നും പുനലൂർ സോമരാജൻ അറിയിച്ചു.