ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ഫെമിനിസ്റ്റ് ഗ്ലോറിയ സ്റ്റെയിനെം (92) അന്തരിച്ചു. പത്രപ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയായിരുന്നു.
അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും അമേരിക്കയിലുണ്ടായ വനിതാ അവകാശ മുന്നേറ്റങ്ങളുടെ (സെക്കൻഡ് വേവ് ഫെമിനിസം) മുഖമുദ്രയായിരുന്നു ഗ്ലോറിയ.
ലേഖനങ്ങൾ എഴുതിയിരുന്ന അവർ പിന്നീട് ‘ന്യൂയോർക്ക്’ മാഗസിന്റെ സഹസ്ഥാപകയായി. ആദ്യ ഫെമിനിസ്റ്റ് മാസികകളിലൊന്നായ ‘മിസ്’ സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
രാഷ്ട്രീയ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനായി ‘നാഷണൽ വിമൻസ് പൊളിറ്റിക്കൽ കോക്കസ്’, ‘വിമൻസ് മീഡിയ സെന്റർ’ തുടങ്ങിയ പ്രസ്ഥാനങ്ങളും സ്ഥാപിച്ചിരുന്നു.
2013-ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' ഗ്ലോറിയയ്ക്കു സമ്മാനിച്ചിരുന്നു.