കുട്ടികളുടെ ഭാവിയിലെ സാമ്പത്തിക വിജയത്തിന്‍റെ അടിസ്ഥാനം അവർ ചെറുപ്പത്തിൽ പണത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ്. ഇത് വെറുമൊരു അറിവല്ല, മറിച്ച് അവരുടെ സ്വഭാവ രൂപീകരണത്തിന്റെ ഭാഗമാണ് (Behavioral trait). പണം ഡിജിറ്റൽ നമ്പറുകൾ മാത്രമായി മാറിയ ഇക്കാലത്ത്, പണത്തിന്‍റെ മൂല്യം കുട്ടികളിൽ വളർത്താൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 4 വഴികളിലൂടെ ഇത് എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.
'വെയ്റ്റിംഗ് ഗെയിം' അഥവാ Delayed Gratification -
സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രശസ്തമായ 'മാർഷ്മാലോ എക്സ്പെരിമെന്റ്' (Marshmallow Experiment) തെളിയിക്കുന്നത്, ഉടൻ ലഭിക്കുന്ന ചെറിയ സന്തോഷത്തേക്കാൾ (Instant gratification), കാത്തിരുന്ന് ലഭിക്കുന്ന വലിയ നേട്ടങ്ങൾക്ക് (Delayed gratification) മുൻഗണന്‍റ കൊടുക്കുന്ന കുട്ടികൾ പിൽക്കാലത്ത് സാമ്പത്തികമായി കൂടുതൽ വിജയിക്കുന്നു എന്നാണ്.
കുട്ടികൾക്ക് ഒരു കളിപ്പാട്ടം വാങ്ങി നൽകുന്നതിന് പകരം, പണം സ്വരൂക്കൂട്ടി വെക്കാൻ അവരെ പ്രേരിപ്പിക്കുക. ഈ കാത്തിരിപ്പ് അവരിൽ ക്ഷമയും സാമ്പത്തിക പ്ലാനിംഗും വളർത്തും. പണം ഉടനെ ചെലവാക്കാതെ കാത്തിരിക്കുന്ന ശീലം അവരുടെ മെച്ചപ്പെട്ട സാമ്പത്തിക ഭാവിയുടെ തുടക്കമാണ്.
'ത്രീ പിഗ്ഗി ബാങ്ക്' സിദ്ധാന്തം (The 3-Jar System)
സാമ്പത്തിക അച്ചടക്കത്തിന് ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. കുട്ടികൾക്ക് കിട്ടുന്ന പോക്കറ്റ് മണി അല്ലെങ്കിൽ സമ്മാനത്തുക താഴെ പറയുന്ന മൂന്ന് കാര്യങ്ങൾക്കായി തരംതിരിക്കാൻ പഠിപ്പിക്കുക: ഇത്തരത്തിൽ തരം തിരിച്ച് അതാത് ജാറുകളിൽ സേവ് ചെയ്യുന്ന രീതിയാണഇത്.
സ്പെൻഡിംഗ് ജാർ (Spending Jar): ദൈനംദിന ചെറിയ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും.
സേവിംഗ്സ് ജാർ (Savings Jar): ദീർഘകാല ലക്ഷ്യത്തിന് വേണ്ടി (ഉദാ: ഒരു ബൈസിക്കിൾ വാങ്ങാൻ).
ഗിവിംഗ് ജാർ (Giving Jar): അർഹരായവർക്ക് സഹായിക്കാൻ. (ഇത് അവരിൽ സഹാനുഭൂതിയും സാമൂഹിക ബോധവും വളർത്തുന്നു). ഈ 'അലോക്കേഷൻ' രീതി അവരെ ബാലൻസിംഗ് പഠിപ്പിക്കും.
'ഓപ്പർച്ച്യൂണിറ്റി കോസ്റ്റ്' (Opportunity Cost) എന്ന സാമ്പത്തിക പാഠം -
സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്വമാണ് 'ഓപ്പർച്ച്യൂണിറ്റി കോസ്റ്റ്' അഥവാ അവസരച്ചെലവ്. ഒരു സാധനം വാങ്ങാൻ ചെലവാക്കുന്ന പണം കൊണ്ട് മറ്റൊന്ന് വാങ്ങാനുള്ള അവസരമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. കുട്ടികൾ ഒരു സാധനം ചോദിക്കുമ്പോൾ അവരോട് പറയുക: "ഇത് വാങ്ങിയാൽ നിന്‍റെ കയ്യിലുള്ള പണം തീരും, പിന്നെ നീ ആഗ്രഹിച്ച ആ കളിപ്പാട്ടം വാങ്ങാൻ കഴിയില്ലഠ
ഈ ലളിതമായ ചോദ്യം അവരെ മുൻഗണനകൾ (Priorities) നിശ്ചയിക്കാൻ പ്രാപ്തരാക്കും. ഇത് പിൽക്കാലത്ത് വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കും. ആവശ്യവും അനാവശ്യവും തിരിച്ചറിയാൻ കുട്ടികളെ ഏറെ സഹായിക്കുന്ന കാര്യമാണിത്.
വരുമാനവും അധ്വാനവും -
പണം വെറുതെ ലഭിക്കുന്ന ഒന്നല്ല, മൂല്യം സൃഷ്ടിക്കുന്നതിലൂടെ (Value creation) ലഭിക്കുന്നതാണ് എന്ന് അവർ തിരിച്ചറിയണം. വീടിന്റെ ചെറിയ ജോലികൾ ചെയ്താൽ അതിന് പ്രതിഫലമായി ചെറിയ തുക നൽകുന്ന 'കമ്മീഷൻ മോഡൽ' (Commission model) പരീക്ഷിക്കാവുന്നതാണ്.
ഇത് പണവും അധ്വാനവും തമ്മിലുള്ള ബന്ധം അവരെ ബോധ്യപ്പെടുത്തും. പണം അധ്വാനത്തിന്‍റെ ഫലമാണെന്ന് മനസ്സിലാക്കുന്ന കുട്ടികൾ അത് അനാവശ്യമായി ചെലവാക്കില്ല.
ഓർക്കുക, സാമ്പത്തിക അറിവ് എന്നത് കണക്കുകളിൽ മാത്രമല്ല, മറിച്ച് ശരിയായ മനോഭാവത്തിലാണ് (Financial Mindset). നമ്മൾ കാണിച്ചുകൊടുക്കുന്ന മാതൃകയാണ് കുട്ടികളുടെ ഏറ്റവും വലിയ പാഠപുസ്തകം.