വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം പെട്രോള്‍പമ്പിനുസമീപം അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരു കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ദേശീയപാതയിലെ ഡിവൈഡറില്‍ പുല്ലുകള്‍ വെട്ടുന്ന ജോലിക്കായി മൂന്നുവരിപ്പാതയിലെ സ്പീഡ് ലൈനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് വില്ലനായത്. പാലക്കാട് ലൈനിലൂടെ വന്നിരുന്ന ആദ്യകാര്‍ ബാരിക്കേഡുകണ്ട് പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നാലെ വന്നിരുന്ന മറ്റു നാലു കാറുകളും ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു.
കാറുകൾക്ക് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വടക്കഞ്ചേരി, കുതിരാൻ എന്നിവിടങ്ങളിലെ മേൽപാലങ്ങളിൽ സ്ഥിരമായി നടക്കുന്ന അറ്റകുറ്റപണികൾ, വാണിയംപാറ ഉൾപ്പെടെയുള്ള സ്ഥലത്ത് നടക്കുന്ന പുതിയ മേൽപാല നിർമാണം,ഡിവൈഡറിലെ പുല്ലുവെട്ടൽ തുടങ്ങിയവക്കെല്ലാം ദേശീയപാതയിലുടനീളം ബാരിക്കേഡുകളാണ്.
കോൺക്രീറ്റ് ബാരിക്കേഡുകൾവച്ച് വഴിതിരിച്ചുവിടുന്നതാണ് വലിയ അപകടങ്ങളുണ്ടാക്കുന്നത്. ദേശീയപാതപ്പോലെയുള്ള പാതകളിൽ നിശ്ചിത ദൂരത്തു നിന്നുതന്നെ തടസങ്ങൾ കാണിക്കുന്ന ബാരിക്കേഡുകളോ മുന്നറിയിപ്പു സൂചകങ്ങളോ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ദേശീയപാതയിൽ ഇതു ചെയ്യാത്തതിനാൽ നിരന്തരമായി അപകടങ്ങളും പെരുകുകയാണ്.