ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ 20ാം തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോണ്‍.ജെയ്സന് കൂനംപ്ലാക്കല്‍ കൊടിയേറ്റം നിർവഹിക്കും. തുടര്‍ന്ന് 28വരെ എല്ലാദിവസവും രാവിലെ 11നും, ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 23ന് വാഹന വെഞ്ചരിപ്പ്, 24ന് സുവനീർ പ്രകാശനം രാജന് പല്ലന് എംഎല്‍എ നിര്‍വഹിക്കും. 27ന് ദീപാലങ്കാരങ്ങളുടെ സ്വച്ച് ഓണ്‍ കെ.രാജന് എംഎല്‍എ നിര്‍വഹിക്കും. 28ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് മോണ്‍.ജോസ് വല്ലൂരാന് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൂടുതുറക്കല് ശ്രുശ്രുഷ, സ്വരൂപംഎഴുന്നെള്ളിച്ച് പ്രത്യേക പവലിയനില്‍ പ്രതിഷ്ഠിക്കും.
തിരുനാള്‍ദിനമായ 29ന് രാവിലെ ഏഴിന് ദിവ്യബലി പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂര്‍ മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം മേരിമാത പള്ളിയിലേക്ക് നടക്കും. ഉച്ചകഴിത്ത് മൂന്നിന് ദിവ്യബലി, വൈകിട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിക്കും. തിരുനാള്‍ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നേര്‍ച്ച ഭക്ഷണ വിതരണം ഉണ്ടായിരിക്കും. 50,000 പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്. തീർഥകേന്ദ്രം റെക്ടര്‍ ഫാ. ജോയ് ചിറ്റിലപ്പിള്ളി, ജനറള്‍ കണ്‍വീനര്‍ ടാജ് ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍ ഡേവീസ് കൊള്ളന്നൂര്‍, കൗണ്‍സിലര്‍ പോളി ജോസ്, സിസ്റ്റര്‍ റാണി മരിയ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു .