കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 384 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്.
കാണാതായവരിൽ 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.
ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വൻനാശം വിതച്ചത്. ബുധനാഴ്ച രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.