കോട്ടയം: എംജി സർവകലാശാല ക്യാമ്പസിലെ ഫ്ലെക്സ് ബോർഡിനെച്ചൊല്ലി വൈസ് ചാൻസലറും സർവകലാശാല യൂണിയൻ ഭാരവാഹികളും തമ്മിൽ തർക്കം. യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം പാടില്ലെന്ന് വ്യക്തമാക്കിയ വിസി ഫ്ലെക്സ് ബോർഡ് അടിയന്തരമായി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഡൽഹി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോർഡിലുള്ളതെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി.
വിസിയുടെ ഉത്തരവ് തള്ളിയ വിദ്യാർത്ഥികൾ ക്യാമ്പസിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനിടെ വിസിക്കെതിരെ സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധ പ്രകടനവും നടത്തി.