ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ച സംഭവത്തിൽ വൻ ജനരോഷം ഇരമ്പുന്നു. ടാണ്ടോ അല്ലാഹിയാറിലെ ഇബ്രാഹിം കോളനിയിലുള്ള റാംജിയുടെ മക്കളായ രൂപി (13), സീത (14) എന്നിവരാണ് ക്രൂരതയ്ക്കിരയായത്.
കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. തങ്ങൾക്ക് മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങണമെന്ന് വിചാരണവേളയിലും കോടതിവളപ്പിലും പെൺകുട്ടികൾ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.
മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ കോടതി വിസമ്മതിച്ചതോടെ, പെൺകുട്ടികൾ നെഞ്ചത്തടിച്ച് വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയാണെന്ന് പാക്കിസ്ഥാനി മാധ്യമപ്രവർത്തക വീംഗാസ് പ്രതികരിച്ചു.
അംജത്, മൻസൂർ എന്നിവരാണ് കുട്ടികളെ വിവാഹം ചെയ്തത്. സംഭവം കോടതിയിലെത്തിയതോടെ കുട്ടികളുടെ പ്രായം തെളിയിക്കാൻ പ്രതികൾക്കായില്ല. ഇതോടെ കുട്ടികളെ നിലവിൽ രണ്ടു ദിവസത്തേക്ക് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സിന്ധ് ചൈൽഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് (2013) പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ വിവാഹം ജാമ്യമില്ലാ കുറ്റമാണ്.
പെൺകുട്ടികൾ വധുക്കളോ മതം മാറിയവരോ അല്ല, കേവലം കുട്ടികളാണെന്ന് മനുഷ്യാവകാശ പ്രവർത്തക ആയിഷ ഗിൽ ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്ക് സ്വതന്ത്രമായ നിയമസഹായവും മാനസിക പിന്തുണയും ഉറപ്പാക്കണമെന്നും ഭയരഹിതമായ അന്തരീക്ഷത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തക സോറത്ത് സിന്ധു ആവശ്യപ്പെട്ടു.
തുടരുന്ന പീഡനങ്ങൾ
ഈ സംഭവത്തിനു തൊട്ടുപിന്നാലെ, ടാണ്ടോ അല്ലാഹിയാറിലെ അഷ്ഫാഖ് ടൗണിൽ നിന്ന് പാൻസി കോൾഹി എന്ന 14കാരിയായ മറ്റൊരു ഹിന്ദു പെൺകുട്ടിയെക്കൂടി തട്ടിക്കൊണ്ടുപോയതായി കേസെടുത്തിട്ടുണ്ട്. പത്തു ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറു ന്യൂനപക്ഷ പെൺകുട്ടികൾ ഇവിടെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി പ്രാദേശിക പ്രതിനിധികൾ ആരോപിക്കുന്നു.
2025 ജൂലൈയിൽ ഖേഞ്ചി കോൾഹി, ലതാ ദേവി മേഘ്വാർ, മീനാ മേഘ്വാർ എന്നീ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സുൽത്താനാബാദ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഭീഷണികളെത്തുടർന്ന് ഇവർ സ്വമേധയാ മതം മാറിയതാണെന്ന് കോടതിയിൽ പ്രസ്താവിക്കുകയാണുണ്ടായത്. ഹിന്ദു അമ്മമാർ പെൺമക്കൾക്ക് ജന്മം നൽകുന്നത് മതം മാറ്റപ്പെടാനാണോയെന്ന് ലതയുടെ അമ്മ രോഷിണി മേഘ്വാർ ചോദിച്ചതു വലിയ ചർച്ചയായിരുന്നു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷകേന്ദ്രങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിച്ചു വിവാഹം ചെയ്യുന്നതും പതിവായിരിക്കുകയാണ്.