ന്യൂഡൽഹി: തുടർച്ചയായി വിദേശയാത്രയുടെ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പാരീസിൽ നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ വിദേശയാത്രകൾ നടത്താൻ അനുമതിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യാത്രാനുമതി നിഷേധിച്ചതിനെതിരെ പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലോകത്തിലെ പ്രമുഖ ഭക്ഷ്യമേളകളിലൊന്നായ സിയാൽ പാരീസിൽ പഞ്ചാബ് സർക്കാരിന്റെ കീഴിലുള്ള മാർക്ക്ഫെഡിന്റെ സ്റ്റാൾ ഒരുക്കുന്നതിനാണ് ക്ഷണം ലഭിച്ചതെന്ന് ഭഗവന്ത് മാൻ പറഞ്ഞു. എന്നാൽ വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. വിദേശയാത്രകളിലൂടെ പഞ്ചാബിലേക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് ലോകത്തെവിടെയും സഞ്ചരിക്കാം, എന്നാൽ തങ്ങൾക്ക് അതിന് അനുമതിയില്ലെന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും ഭഗവന്ത് മാൻ വിമർശിച്ചു. നേരത്തെയും ഭഗവന്ത് മാന്റെ വിദേശയാത്രാ പദ്ധതികൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നതായി ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി. ഏഷ്യൻ ഗെയിംസ് ഹോക്കി സെമിഫൈനൽ മത്സരങ്ങൾ കാണുന്നതിനും പഞ്ചാബിൽ നടക്കുന്ന ഹോക്കി ചാമ്പ്യൻഷിപ്പിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനുമായി ജപ്പാൻ സന്ദർശിക്കാനുള്ള പദ്ധതിക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ പ്രോത്സാഹിപ്പിക്കാനായി പോകാനിരുന്ന യാത്രാപദ്ധതിയും നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞിരുന്നു. പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനോടും നേതാക്കളോടും കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്നാണ് പാർട്ടിയുടെ ആരോപണം.
അതേസമയം അയൽസംസ്ഥാനമായ ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നായബ് സിംഗ് സൈനിക്ക് സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അനുമതി ലഭിക്കുന്നുണ്ടെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഇതിനു മറുപടി പറയണമെന്ന് ഭഗവന്ത് മാൻ ആവശ്യപ്പെട്ടു.