ഇരിട്ടി: ആറളം ഫാമിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനം ഒരുക്കിയുള്ള കാട്ടാന പ്രതിരോധ ശ്രമവും പാളുന്നു. ഇവിടെ സ്ഥാപിച്ച സോളാർ തൂക്കുവേലികൾ കാട്ടാനകൾ പിഴുതെറിഞ്ഞു. സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകിയ ഫാം ഭൂമിയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.
ഫാമിന്റെ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ വേലികളും വനാതിർത്തിയിൽ സ്ഥാപിച്ച വേലിയുമാണ് തകർത്തത്. തൂക്കുവേലി സ്ഥാപിക്കാൻ നിർമച്ച തൂണുകൾ പിഴുതെറിഞ്ഞണ് പ്രതിരോധ സംവിധനത്തെ ആനക്കൂട്ടം മറികടക്കുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച വേലിക്ക് മുകളിലേക്ക് മരങ്ങൾ വീഴ്ത്തിയും വേലികൾ തകർക്കുന്നുണ്ട്. ഫാമിനുള്ളിൽ തന്പടിച്ചിരിക്കുന്ന ആനകളാണ് പ്രതിരോധ വേലികൾ തകർക്കുന്നത്. ഫാമിന്റെ പാലപ്പുഴ ഭാഗങ്ങളിൽ പുതുതായി വേലി സ്ഥാപിക്കാനായി കുഴിച്ചിട്ട ആറ് തൂണുകൾ കഴിഞ്ഞ രാത്രി ആനക്കൂട്ടം ചവിട്ടി ഒടിച്ചിരിക്കുകയാണ്.
ആനമതിൽ നിർമാണം വൈകുന്നതിനാൽ വനതാർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വേലി ദിനംപ്രതി തകർക്കുന്നുണ്ടെങ്കിലും വനം ദ്രുതകർമസേന അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതു കൊണ്ടു മാത്രമാണ് ഇപ്പോൾ പഴയ നിലയിൽ കാട്ടാനകൾ ഫാമിനുള്ളിലേക്ക് എത്താതിരിക്കുന്നത്.
ഫാം മേഖലയിൽ കശുമാങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കാട്ടനകൾ വീണ്ടും വ്യാപകമായി വിളകൾ നശിപ്പിക്കലും പതിവായി. തെങ്ങുകൾ വീണ്ടും കുത്തിവീഴ്ത്തി നശിപ്പിക്കുന്നുണ്ട്. കശുമാങ്ങയും ചക്കയും ഫാമിൽ നിന്ന് ഇഷ്ടം പോലെ ലഭിച്ചിരുന്നതിനാൽ കഴിഞ്ഞ കുറേ മാസങ്ങളായി തെങ്ങുകൾക്ക് നേരെയുള്ള അക്രമണം കുറവായിരുന്നു. ഫാമിനുള്ളിൽ പത്തിലധികം ആനകളുണ്ടെന്നാണ് ഫാമിലെ ചെത്ത് തൊഴിലാളികളും ജീവനക്കാരും പറയുന്നത്.
ഓപ്പറേഷൻ ഗജമുക്തി തുടരും
വേനൽ മഴ ലഭിച്ച് ചൂടിന് ശമനമാകുന്നതോടെ ഓപ്പറേഷൻ ഗജമുക്തിയെന്ന ആനതുരത്തൽ ദൗത്യം പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
ഫാമിനുള്ളിലെ പൊന്തക്കാടുകളിൽ നിന്ന് ആനകളെ എളുപ്പത്തിൽ പുറത്തേക്ക് എത്തിച്ച് വനത്തിലേക്ക് തുരത്താനാകുമെന്നാണ് പ്രതീക്ഷ. മേഖലയിൽ ഒന്ന് രണ്ട് ശക്തമായ വേനൽ മഴ ലഭിച്ചതിനാൽ വനത്തിനുള്ളിൽ ജലത്തിന്റെ ലഭ്യതയും ഉറപ്പാക്കിയ ശേഷമായിരിക്കും തുരത്തൽ നടപടികൾ ആരംഭിക്കുക.
വനത്തിനുള്ളിലേക്ക് കടന്ന ആനകൾ വീണ്ടും ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിക്കാതിരിക്കാണ് വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത്. ആനകൾ സ്ഥിരമായി താവളമാക്കുന്ന ജനവാസ മേഖലയിലെ പൊന്തക്കാടുകൾ സമീപം ആനകളെ ഏറുമാടങ്ങൾ കെട്ടി നിരീക്ഷിക്കുന്നതിനും ആനകളുടെ സ്ഥിരം സഞ്ചാര മാർഗങ്ങൾ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
സ്കൂൾ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ജനവാസ മേഖലയിലെ കാട്ടാനകളെ മുഴുവൻ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.