ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ വീണ്ടും മിസൈൽ ആക്രമണം. ഒമാൻ തീരത്തോട് ചേർന്ന് പനാമ പതാക വഹിച്ച എംടി ഓൺ പീസ് എന്ന വാണിജ്യ കപ്പലിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ 12 നാവികർക്ക് പരിക്കേറ്റു.
ഇതിൽ 11 പേരും ഇന്ത്യക്കാരാണ്. 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 17 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 12 പേരെയും ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ കസബയിലാണ് പരിക്കേറ്റ നാവികരെ എത്തിച്ചത്.
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.