ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ ഏഴാം സീഡായ ജപ്പാന്റെ റിൻ ഇവാനഗ-കി നകാനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ജോഡി ക്വാർട്ടർ ഫൈനലിൽ കടന്നു.
ആദ്യ ഗെയിമിൽ തന്നെ ആധിപത്യം പുലർത്തിയ ട്രീസയും ഗായത്രിയും 21-16ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും മികച്ച പ്രകടനം തുടർന്ന ഇന്ത്യൻ സഖ്യം ജപ്പാൻ ജോഡിയെ 21-12ന് കീഴടക്കി. വെറും രണ്ട് ഗെയിമുകൾക്കുള്ളിൽ മത്സരം പൂർത്തിയാക്കി ക്വാർട്ടർ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് സഖ്യം. രണ്ടാം റൗണ്ടിലും നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ ജോഡിയുടെ ജയം. അന്ന് 16-ാം സീഡായ അമേരിക്കയുടെ ലോറൻ ലാം-അലിസൺ ക്വിൻ ലീ സഖ്യത്തെ 21-15, 21-12ന് തോൽപ്പിച്ചാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.