കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് (എകെജിഎസ്എംഎ).
ആഗോളവിപണിയിലെ പിരിമുറുക്കം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാനാണു സാധ്യത. അതിനാല്‍ സ്വര്‍ണത്തെ ആഭരണമെന്നതിലുപരി നിക്ഷേപമായി കണ്ട് അത്യാവശ്യത്തിന് വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല.
രാജ്യത്തിന്റെ വിദേശനാണ്യശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നു. സ്വര്‍ണവിപണിയെ പൂര്‍ണമായി മാറ്റിനിര്‍ത്തുന്നതു പ്രായോഗികമല്ല.
വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്കു നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം സാധാരണക്കാരെ സംബന്ധിച്ചു പ്രയാസകരമാണ്. അസുഖങ്ങള്‍, അപകടങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികള്‍ മറികടക്കാന്‍ സാധാരണക്കാര്‍ എന്നും ആശ്രയിക്കുന്നത് സ്വര്‍ണത്തെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുശക്തമായ അളവുകോല്‍കൂടിയാണ് സ്വര്‍ണശേഖരം.
സന്പദ്ഘടനയെ ശക്തിപ്പെടുത്താൻ പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. സ്വകാര്യ വാഹനങ്ങള്‍ക്കു പകരം മെട്രോ, മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കു മുന്‍ഗണന നല്‍കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും സംസ്ഥാന ചെയര്മാന് ഡോ. ബി. ഗോവിന്ദന്, പ്രസിഡന്റ് ജസ്റ്റിന് പാലത്തറ, ജനറല്‍ സെക്രട്ടറി കെ.എം. ജലീല്‍ എന്നിവര്‍ പറഞ്ഞു.