ബംഗളൂരു: എച്ച്ഐവി ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗബാധ നേരത്തേ കണ്ടെത്താനായി സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് എച്ച്ഐവി പരിശോധന നടത്താൻ കർണാടക ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാമിന്റെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം എച്ച്ഐവി വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്തു നിലവിൽ ഏകദേശം 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഇതിൽ 2.05 ലക്ഷം പേർ ഇപ്പോൾ ആന്റി-റെട്രോവൈറൽ തെറാപ്പി ചികിത്സ സ്വീകരിച്ചുവരുന്നു.
ഏകദേശം 54,000 ആളുകൾ തങ്ങൾക്ക് എച്ച്ഐവി ബാധയുണ്ടെന്ന കാര്യം അറിയാതെ ജീവിക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 18 മുതൽ 35 വയസ് വരെയുള്ള യുവാക്കൾക്കിടയിലാണ് രോഗം വേഗത്തിൽ പടരുന്നത്. ഇതിൽ 18 മുതൽ 25 വയസ് വരെയുള്ള ഏകദേശം 7,000 പേർക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കോളജുകളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
ഇതിനോട് എല്ലാ കോളജ് പ്രിൻസിപ്പൽമാരും വിദ്യാർഥികളും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനും എച്ച്ഐവി വിവരങ്ങൾ രഹസ്യമായി അറിയുന്നതിനുമായി ക്യുആർ കോഡ് അധിഷ്ഠിത ‘നോ യുവർ എച്ച്ഐവി സ്റ്റാറ്റസ്’ സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.
എച്ച്ഐവി തുടക്കത്തില്‍ തന്നെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സലിംഗും ചികിത്സയും നല്‍കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പരിശോധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ക്യാന്പുകളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷിത രീതികള്‍, ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.