കാസര്‍ഗോഡ്: കാസര്‍ഗോഡ്: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടു ദിവസം കൂടി ജാഗ്രതയോടെ ഇരിക്കണം മുഴുവന്‍ ഉദ്യോഗസ്ഥരും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും എല്‍എസ്ജിഡി, റവന്യു, കൃഷി വിഭാഗങ്ങളുടെ ജോയിന്റ് ഇന്സ്പെക്ഷന് പെട്ടെന്ന് പൂര്‍ത്തിയാക്കി നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കണക്കു വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും സംഭവിച്ച ആളുകള്‍ക്ക് കൃത്യമായി തുക വിതരണം ചെയ്യാന്‍ സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആരംഭിക്കുന്ന ക്യാമ്പുകള്‍ക്ക് അതാത് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതാത് പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് കോഡിനേഷന്‍ ചുമതല. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും ഡയാലിസിസ്, ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ എച്ച്വണ് എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നവര്‍ വൃത്തിയും ശുചിത്വവും പാലിക്കണം. രോഗ ബാധിതരായവര്‍ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിന്നും വിട്ടു നില്‍ക്കണം. ക്യാമ്പുകളില്‍ തിളപ്പിച്ച വെള്ളം മാത്രം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കണം. അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ആശുപത്രികളില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കിയിട്ടുണ്ട് എന്നും ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
അച്ചാംതുരുത്തിയിലും ഭീമനടി ചെമ്പരങ്കയത്തുമുള്ള രണ്ടു പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.
കടല്‍ നിലവില്‍ ശാന്തമാണെന്നും മത്സ്യബന്ധനത്തിന് ആരുംതന്നെ കടലില്‍ പോയിട്ടില്ലെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. ഫയര്‍ഫോഴ്സിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാണെന്നും എന്താവശ്യത്തിനും തയ്യാറാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, എഡിഎം പി.ഉദയകുമാര, കാഞ്ഞങ്ങട് ആര്‍ഡിഒ സുദീപ്, കാസര്‍ഗോഡ് ആര്‍ഡിഒ വിജുകുമാര്‍, എല്‍എസ്ജിഡി ജോയിന്റ്ഡയറക്ടര്‍ കെ.വി.ഹരിദാസ്, ഡിഎഫ്ഒ ജോസ് മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ടി.രേഖ എന്നിവര്‍ പ്രസംഗിച്ചു