ടെഹ്റാൻ: കടുത്ത ഭരണകൂട നിയന്ത്രണങ്ങൾക്കും നിർബന്ധിത ഹിജാബ് നിയമങ്ങൾക്കുമെതിരെ ഇറാനിൽ വീണ്ടും സ്ത്രീകളുടെ പ്രതിഷേധം. തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പത്തു കിലോമീറ്റർ റോഡ് റേസിൽ നൂറുകണക്കിന് വനിതകളാണ് ഹിജാബ് ധരിക്കാതെ പങ്കെടുത്തത്.
ടെഹ്റാനിലെ പ്രശസ്തമായ വേലായത് പാർക്കിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ടെഹ്റാൻ 10കെ ഓട്ടത്തിലാണ് ശ്രദ്ധേയമായ പ്രതിഷേധം അരങ്ങേറിയത്. മത്സരത്തിൽ പങ്കെടുത്ത ഭൂരിഭാഗം വനിതകളും ശിരോവസ്ത്രം ഒഴിവാക്കിയാണ് ഓടിയത്. ആയിരക്കണക്കിന് ആളുകൾ സാക്ഷിയായ മത്സരത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പരസ്യമായി തലമൂടാതെ സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തത്. കടുത്ത നിയമനടപടികൾക്ക് സാധ്യതയുണ്ടായിട്ടും സ്ത്രീകൾ പരസ്യമായി ഹിജാബ് നിയമത്തെ അവഗണിച്ചത് ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.