കൽപ്പറ്റ: വയനാട്ടിൽ ഇതര സംസ്ഥാന ജെസിബി, ഹിറ്റാച്ചി ഉടമകൾ സംഘടിക്കുന്നു. ഇതര സംസ്ഥാനക്കാരായ മണ്ണുമാന്തി യന്ത്രം ഉടമകളെ ജില്ലയിൽ പ്രവൃത്തി നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തദ്ദേശ ഉടമകൾ രംഗത്തുവന്ന സാഹചര്യത്തിലാണിത്. തദ്ദേശീയുടെ ഭീഷണി അവഗണിച്ച് ജില്ലയിൽ പ്രവൃത്തി തുടരാനാണ് ഇതര സംസ്ഥാന ഉടമകളുടെ തീരുമാനം.
ഇവർക്ക് പിന്തുണയുമായി ജെഎസ്എസ് ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ഇതര സംസ്ഥാനക്കാരുടെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നത് തടയുകയും ഓപ്പറേറ്റർമാരെയും സഹായികളെയും ആക്രമിക്കുകയും ചെയ്യുന്നതിനെതിരേ ജെഎസ്എസ് ജില്ലാ നേതൃത്വം ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതര സംസ്ഥാന ജെസിബി, ഹിറ്റാച്ചി ഉടമകളുടെയും തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം പരാതിയിലുണ്ട്. ഇതര സംസ്ഥാന മണ്ണുമാന്തി യന്ത്രം ഉടമ-തൊഴിലാളി കണ്‍വൻഷനും ജെഎസ്എസ് ജില്ലാ ഘടകം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തു. ഓപ്പറേറ്റർമാരുടെയും സഹായികളുടെയും യൂണിയൻ രൂപീകരിക്കാൻ കണ്‍വൻഷനിൽ തീരുമാനമായി.
വയനാട്ടിൽ 40 ഓളം ഇതര സംസ്ഥാന ജെസിബി, മണ്ണുമാന്തി യന്ത്രം ഉടമകളുണ്ട്. പതിറ്റാണ്ടുകളായി ജില്ലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് ഇവരിൽ അധികവും. ഇതര സംസ്ഥാനക്കാരുടെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നത് കഴിഞ്ഞ 12ന് പനമരം കൂളിവയലിലും 21ന് പുൽപ്പള്ളിയിലും 28ന് പടിഞ്ഞാറത്തറയിലും തദ്ദേശ ഉടമകൾ സംഘടിച്ച് തടഞ്ഞിരുന്നു. കൂളിവയലിൽ തമിഴ്നാട് സ്വദേശിയും ചെറുകാട്ടൂരിൽ താമസക്കാരനുമായ ഉടമ എ. സേട്ടുവിനെ(33) തദ്ദേശ ഉടമകളുടെ സംഘടനയിൽപ്പെട്ടവർ മർദിച്ചു. ഇടതുകൈയ്ക്ക് പരിക്കേറ്റ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടിയ സേട്ടു പനമരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സമ്മർദങ്ങളെത്തുടർന്ന് പിൻവലിച്ചു.
ഈ മാസം 15നുശേഷം ജില്ലയിൽ കണ്ടുപോകരുതെന്ന ഭീഷണിയാണ് ഇതരസംസ്ഥാന ഉടമകൾക്കെതിരേ തദ്ദേശ ഉടമകൾ മുഴക്കിയിരിക്കുന്നതെന്ന് ജെഎസ്എസ് ജില്ലാ ഭാരവാഹികളായ മനോജ് കടത്തനാടൻ, ദാസൻ പാലപ്പിള്ളി, കെ. മുഹമ്മദ്, ഉണ്ണിക്കൃഷ്ണൻ കന്പളക്കാട് എന്നിവർ പറഞ്ഞു.
രാജ്യത്തെവിടെയും തൊഴിൽ ചെയ്യാനും ജീവിക്കാനുമുള്ള പൗരന്റെ അവകാശത്തെയാണ് ചിലർ വെല്ലുവിളിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. തദ്ദേശ ഉടമകൾ വാങ്ങുന്നതിലും കുറഞ്ഞ വാടകയാണ് ഇതര സംസ്ഥാന ഉടമകൾ ഈടാക്കുന്നത്. ഇതാണ് തദ്ദേശ ഉടമകൾ ഇതര സംസ്ഥാന ഉടമകൾക്കെതിരേ തിരിഞ്ഞതിനു മുഖ്യകാരണമെന്ന് ജെഎസ്എസ് നേതാക്കൾ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകൾതന്നെയാണ് ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്നത്. ഇവർക്കും സഹായികൾക്കും സ്വതന്ത്രമായും സുരക്ഷിതമായും ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കുന്നതിന് അവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു ജെഎസ്എസ് നേതാക്കൾ വ്യക്തമാക്കി.
ആരുടെയും ഭീഷണിക്കു വഴങ്ങില്ലെന്നും ഏതാനും ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങൾ അടുത്ത ദിവസം മുതൽ പ്രവൃത്തി ഇറക്കുമെന്നും എ. സേട്ടുവും തമിഴ്നാട്ടിൽനിന്നുള്ള മറ്റൊരു ഉടമ ഐ. രാജുവും പറഞ്ഞു.