കോഴിക്കോട്: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിക്കൊണ്ടാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരള അങ്കണവാടി ആന്‍ഡ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) പ്രസിഡന്റ് കൃഷ്ണവേണിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ജീവനക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയെത്തുടര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വനിതാ ശിശുവികസന വകുപ്പ് നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ മാസങ്ങള്‍ നീണ്ട സമരം നടത്തിയ വേളയില്‍ ആനുകൂല്യം വര്ധിപ്പിക്കാനാകില്ലെന്നതിനു കാരണമായി സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണു വനിതാ ശിശുവികസന വകുപ്പും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
അങ്കണവാടി ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല. അവര്‍ മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷന്‍ 2.0 പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഓണറേറിയം നിശ്ചയിക്കുന്നത്.
2018നുശേഷം കേന്ദ്രസര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ വര്‍ധന വരുത്തിയിട്ടില്ല. നിലവിലുള്ള വ്യവസ്ഥ പ്രകാരം അങ്കണവാടി ജീവനക്കാരെ ഓണറേറിയം പറ്റുന്ന സന്നദ്ധ പ്രവര്ത്തകരായിട്ടാണു കണക്കാക്കുന്നതെന്നും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണു സര്‍ക്കാര്‍ തീരുമാനമെടുത്തത്.