മനുഷ്യന് ആറാം ഇന്ദ്രിയം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
മനുഷ്യന്റെ മാനസികാരോഗ്യത്തെപ്പോലും സ്വാധീനിക്കാൻ ശേഷിയുള്ള, ശരീരത്തിനുള്ളിലെ രഹസ്യങ്ങളറിയുന്ന ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാഴ്ച, കേൾവി, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ, ആറാം ഇന്ദ്രിയത്തെ ശാസ്ത്രജ്ഞർ ഇന്ററോസെപ്ഷൻ (Interoception) എന്നാണു വിളിക്കുന്നത്. ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽനിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാനും വിശകലനം ചെയ്യാനും തലച്ചോറിനെ സഹായിക്കുന്നത് ഈ ഇന്ദ്രിയമാണെന്നാണു ഗവേഷകരുടെ അഭിപ്രായം.
എന്താണ് ഇന്ററോസെപ്ഷൻ
നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, വിശപ്പ്, ദാഹം, ശരീരതാപനില, ക്ഷീണം തുടങ്ങിയ ആന്തരിക മാറ്റങ്ങൾ അറിയിക്കുന്നത് ഈ ഇന്ദ്രിയമാണ് ഗവേഷകർ പറയുന്നു. ശരീരത്തിനുള്ളിലെ അന്തരീക്ഷം സമതുലിതമായി നിലനിർത്താനും സാധാരണ ശാരീരികപ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ആന്തരിക സിഗ്നലുകൾ തലച്ചോറിനെ സഹായിക്കുന്നു.
മാനസികാരോഗ്യവും ആറാം ഇന്ദ്രിയവും
ശരീരത്തിനുള്ളിൽ നിന്നുള്ള സിഗ്നലുകളെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും മൊത്തത്തിലുള്ള മാനസികാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ററോസെപ്ഷൻ പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധ മാനസികാരോഗ്യപ്രശ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
അമിത ഉത്കണ്ഠ: ഉത്കണ്ഠയുള്ള ഒരാൾക്കു തന്റെ ഹൃദയമിടിപ്പ് അല്പം കൂടുമ്പോൾ തന്നെ അതു വലിയൊരു അപകടത്തിന്റെ സൂചനയായി തോന്നാം. യഥാർഥത്തിൽ അവിടെ ഭീഷണി ഉണ്ടാകില്ലെങ്കിലും, തലച്ചോറ് ഈ സിഗ്നലിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂലമാണിത്.
വിഷാദവും മറ്റ് അസുഖങ്ങളും: ഡിപ്രഷൻ, പിടിഎസ്ഡി, ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുള്ളവരിലും ഈ ആന്തരിക അവബോധത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലർക്ക് വിശപ്പ്, ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയ പ്രധാന സിഗ്നലുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അനോറെക്സിയ നെർവോസ: അമിതമായി പട്ടിണി കിടന്നവർ, പിന്നീട് കൃത്യമായ ശാരീരിക ഭാരം വീണ്ടെടുത്താൽ പോലും അവർക്ക് വിശപ്പിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കടുത്ത ബുദ്ധിമുട്ടു നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറ് ആന്തരിക സിഗ്നലുകൾ പ്രോസസ് ചെയ്യുന്ന രീതിയിൽ വരുന്ന മാറ്റം മൂലമാണിതെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ചികിത്സാരീതി
ശരീരത്തിന്റെ ആന്തരിക സിഗ്നലുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതു വഴി മാനസികാരോഗ്യപ്രശ്നങ്ങൾക്കു പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ വികാരങ്ങളെ നന്നായി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയും. എങ്കിലും ഇതു വ്യാപകമായി ശിപാർശ ചെയ്യുന്നതിനു മുൻപ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
ആറാം ഇന്ദ്രിയത്തെ എങ്ങനെ നിർവചിക്കണം എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് ഒരൊറ്റ ഇന്ദ്രിയമല്ല, മറിച്ച് ശരീരത്തിന്റെ ആന്തരികാവസ്ഥ നിരീക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന പല പ്രക്രിയകളുടെ കൂടിച്ചേരലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും, ആറാം ഇന്ദ്രിയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ മാനസികരോഗനിർണയത്തിലും ചികിത്സയിലും വലിയൊരു വിപ്ലവത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. പുറംലോകത്തെ മനസിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരത്തിനുള്ളിലെ സിഗ്നലുകൾക്കു കാതോർക്കുന്നതെന്നും ശാസ്ത്രലോകം.