സുൽത്താൻ ബത്തേരി: സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും യുഡിഎഫിന്റെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർഥിയായി സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ രംഗത്തെത്തിയതോടെ പരസ്യ പ്രചാരണം ചൂട് പിടിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചായത്തുതല കണ്‍വൻഷനുകളുമായി പ്രചാരണ രംഗത്തിറങ്ങിയ യുഡിഎഫ് നാലാം തവണയും മത്സരിക്കുന്ന ഐ.സി. ബാലകൃഷ്ണനെയും ആനയിച്ചുകൊണ്ടുള്ള റോഡ് ഷോയോടുകൂടിയാണ് ഇന്നലെ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ബത്തേരി ജംഗ്ഷനിൽ നിന്നും ഐ.സി. ബാലകൃഷ്ണനേയും ആനയിച്ച് നൂറുകണക്കിന് അണികൾ പങ്കെടുത്ത റോഡ് ഷോ അസംപ്ഷൻ ജംഗ്ഷനിൽ ആരംഭിച്ച് കോട്ടക്കുന്നിൽ സമാപിച്ചു. റോഡ് ഷോയിൽ റോഡിനിരുവശവും നിന്ന ആളുകളോടും കടകന്പോളങ്ങളിലെ വോട്ടർമാരെയും ഐ.സി. ബാലകൃഷ്ണൻ അഭിവാദനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, കെപിസിസി അംഗം കെ.ഇ. വിനയൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ഡി.പി. രാജശേഖരൻ, കണ്‍വീനർ അബ്ദുള്ള, യുഡിഎഫ് നേതാക്കളായ നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, എൻ.സി. കൃഷ്ണകുമാർ, വർഗീസ് മുരിയൻകാവിൽ, റസീന അബ്ദുൾ ഖാദർ, ഗംഗാധരൻ ആത്താർ, എം.എ. അസൈനാർ എന്നിവർ നേതൃത്വം നൽകി.