ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐഒസി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ്.
നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു.
പ്രവാസി മലയാളികൾക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പൊതുസമൂഹത്തിന് പൂർണവിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിലാണ് സതീശന് യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുവാൻ സാധിച്ചതെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട കുളനട സ്വദേശിയും 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമാണ് ജോഫി ജേക്കബ്.