കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ ജീവൻ നഷ്ടപ്പെടുകയും കാണാതാകുകയും ചെയ്തവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയെന്ന ഏക ആശ്രയത്തിലേക്ക് അധികൃതരും കുടുംബങ്ങളും.
ഇതുവരെ 2,272 ഡിഎൻഎ സാമ്പിളുകളാണ് നേപ്പാൾ പൊലിസ് ശേഖരിച്ചത്. ഇതിൽ 1,260 എണ്ണം മൃതദേഹങ്ങളിൽനിന്നും ബാക്കി 1,012 എണ്ണം കാണാതായവരുടെ അടുത്ത ബന്ധുക്കളിൽനിന്നുമാണ്. പരിശോധന പൂർത്തിയാക്കിയ 1,030 മൃതദേഹങ്ങൾ താത്കാലികമായി സംസ്കരിച്ചു. ഇതിൽ 222 സ്ത്രീകളും 355 പുരുഷന്മാരും ഉൾപ്പെടുന്നു. ബാക്കി 453 മൃതദേഹങ്ങൾ സ്ത്രീയാണോ പുരുഷനാണോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം മോശമായ അവസ്ഥയിലാണ്.
കുടുംബങ്ങൾക്കു പരിശോധന സുഗമമാക്കാൻ നുവാകോട്ട് ജില്ലയിലെ ബിദുറിൽ പോലീസ് ഡിഎൻഎ സാമ്പിൾ ശേഖരണകേന്ദ്രം തുറന്നിട്ടുണ്ട്. കൂടാതെ, കണ്ടെടുത്ത 1,270 തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും പൊലിസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
രസൂവ ജില്ലയിലെ സൈഫ്രുബേസിയിൽനിന്നു കാണാതായ രാജ് കുമാർ ദിയാലി (33), ഭാര്യ ശ്രീതി (30), നാലുവയസുള്ള മകൻ സിരാജ് എന്നിവരെ തേടുന്ന കുടുംബത്തിന്റെ കഥ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
നവാൽപുരിൽനിന്നും കണ്ടെത്തിയ ഒരു കൈയുടെ ഡിഎൻഎ സാമ്പിൾ കാഠ്മണ്ഡുവിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാനിരയിൽ 182-ാമതാണ് ഈ സാമ്പിൾ. പ്രിയപ്പെട്ടവർ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിട്ട ഈ കുടുംബം ആ കൈയെങ്കിലും രാജ്കുമാറിന്റേതാണെന്ന് ഉറപ്പിക്കാൻ കാത്തിരിക്കുകയാണ്.
13 കർണാടക സ്വദേശികളെ കണ്ടെത്താനായില്ല
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായ 13 കർണാടക സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള നടപടികൾ കർണാടക സർക്കാർ ആരംഭിച്ചു.