ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളും കൂട്ടിരുപ്പുകാരും നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ ബഗ്ഗി കാർ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു.
ആശുപത്രി ജംഗ്ഷനിൽനിന്ന് രോഗികൾക്കും മറ്റുള്ളവർക്കും ആശുപത്രിയിൽ എത്തണമെങ്കിൽ വളരെ ദൂരം നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതു രോഗികൾക്കും പ്രായമായവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാനാണ് ബഗ്ഗി കാറുകൾ വാങ്ങാൻ തീരുമാനിച്ചത്. ഡിവിഷനിലെ വികസന കാര്യങ്ങൾക്കായി ലഭിച്ച പ്ലാൻ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയോളം ഇതിനായി മാറ്റിവച്ചതായി ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.