തിരുവനന്തപുരം: അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ നടപടി കടുപ്പിച്ച് പൊലിസ്. ഓപ്പറേഷൻ സ്പാ എന്ന പേരിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലൈസൻസോ ഉത്തരവാദിത്തബോധമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും ഉടമകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് പല സ്പാകളും പ്രവർത്തിക്കുന്നത്. എന്നാൽ ആരാണ് ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതെന്നോ അവിടെ എന്താണ് നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇത്തരം കേന്ദ്രങ്ങൾ ആളുകളെ വഞ്ചിക്കുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതികളുമുണ്ട്. അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി കഴിഞ്ഞ മൂന്ന് നാല് ദിവസമായി സംസ്ഥാനത്തുടനീളം പൊലിസ് വ്യാപക പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും സ്പാകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി പ്രത്യേക നിയമനിർമാണം നടത്തും. ഇതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.