ചെറുപുഴ: ജോസ്ഗിരി മരുതുംതട്ടിൽ കാട്ടാനയിറങ്ങി. ഇന്നലെ 11.15 ഓടെ മരുതുംതട്ട് - ചേന്നാട്ട് കൊല്ലി റോഡിൽ കൂടിയാണ് കാട്ടാന വന്നത്. കാട്ടാന ഷെഡ് തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. പുല്ല് ചെത്താൻ പോയവർ കാട്ടാനയുടെ മുന്നിൽ പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. പൂച്ചാലിൽ ജോസിന്റെപുരയിടത്തിൽ കയറി യാണ് ഷെഡ് തകർത്തത്.
വന്യമൃഗശല്യം കാരണം ജോസ് വാടക വീട്ടിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്. കായ്ച്ചു തുടങ്ങിയ തെങ്ങുകളും കമുകുകളും വാഴകളും നശിപ്പിച്ചു. കൂട്ടിയാനിക്കൽ സെബാസ്റ്റ്യന്റെ കൃഷികളും നശിപ്പിച്ചു.
നാട്ടുകാർ ബഹളം വച്ച് ആനകളെ ഓടിക്കുകയായിരുന്നു. ആനക്കൂട്ടം കേരള വനത്തിലും കർണാടക വനത്തിലുമായി തമ്പടിച്ചിരിക്കുകയാണ്.
ഇവിടെ നിന്ന് കുറച്ച് അകലെയുള്ള മരുതുംതട്ടിലെ പള്ളിക്കുന്നേൽ മഹേഷിന്റെ പുരയിടത്തിലെ കിണറിൽ വീണ് കഴിഞ്ഞ ദിവസം കാട്ടാനക്കുട്ടി ചത്തിരുന്നു. കാട്ടാനക്കൂട്ടത്തോടൊപ്പമാണ് കുട്ടിയാന എത്തിയത്. അന്നും വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു.
ഏറെക്കാലമായി ആനശല്യമില്ലാതിരുന്ന സ്ഥലമാണ് മരുതുംതട്ട്. അടുത്ത കാലത്താണ് ആനശല്യം തുടങ്ങിയത്. കർണാടക വനാതിർത്തിയിൽ ചേന്നാട്ട്കൊല്ലി വരെ വൈദ്യുത വേലിയുണ്ട്. അതു പോലെ ഉദയഗിരി പഞ്ചായത്തിന്റെ ഭാഗത്ത് വൈദ്യുതി വേലി നിർമാണം നടക്കുന്നുണ്ട്. ഇതിനിടയിലുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് വേലിയില്ലാത്തത്. ഇവിടെ വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വനം വകുപ്പിന്റെ സംഘം നാലു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. നാട്ടുകാർക്ക് ആനയെ ഓടിക്കാൻ ഓലപ്പടക്കം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ, പഞ്ചായത്തംഗങ്ങളായ ലീന മാങ്കൂട്ടത്തിൽ, റോഷി ജോസ്, ബിജി കെ.ജോൺ, ഷൈമ ജനു തച്ചുകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.